കുന്നംകുളം : പന്നിവളർത്തലിനും പ്രജനനത്തിനുമായി ആധുനിക സംവിധാനങ്ങളോടെ നിർമാണം പൂർത്തിയാക്കിയ കേന്ദ്രത്തിന്റെ പ്രവർത്തനം വ്യാഴാഴ്ച തുടങ്ങും. കുന്നംകുളത്തെ വെറ്ററിനറി ക്ലിനിക്കിന് സമീപത്താണ് പന്നിവളർത്തലിനും സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പുതിയ കേന്ദ്രം തുറക്കുന്നത്.

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ 23.5 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ 42.5 ലക്ഷം രൂപയുമാണ് ചെലവഴിച്ചത്. വിവിധ പ്രായത്തിലുള്ള 141 പന്നികൾ ഇവിടെയുണ്ട്. ഫീൽഡ് ഓഫീസർ, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ എന്നിവരുൾപ്പെടെയുള്ള ജീവനക്കാരാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക.

ഇവിടെനിന്ന് ഗുണമേന്മയുള്ള പന്നിക്കുഞ്ഞുങ്ങളെ സർക്കാർ നിരക്കിൽ വിതരണം ചെയ്യും. പന്നിവളർത്തലിൽ താത്പര്യമുള്ള കർഷകർക്ക് ശാസ്ത്രീയ പരിപാലനരീതികളിൽ ക്ലാസുകൾ നൽകും. രോഗപ്രതിരോധ മാർഗങ്ങൾ, രോഗനിർണയ രീതികൾ, ആധുനിക ചികിത്സ എന്നിവയും ഇവിടെനിന്ന് ലഭിക്കും.

പുതിയ സംവിധാനങ്ങളോടെയുള്ള കേന്ദ്രം വ്യാഴാഴ്ച രണ്ടിന് മന്ത്രി ചിഞ്ചുറാണി ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും.