തൃശ്ശൂർ : തെറ്റായ കേസിൽപ്പെട്ട് ജാമ്യമെടുക്കാൻ ആളില്ലാതെ മൂന്നര വർഷം വിചാരണത്തടവുകാരനായി ജയിലിൽക്കിടന്ന് കോടതി കുറ്റവിമുക്തനാക്കിയ എ. സുരേഷിന് വിചാരണ വേളയിൽ നിയമസഹായമൊരുക്കിയ ബ്ലൂബെൽ കന്പനി തുടർ നിയമസഹായത്തിനും.

സുരേഷിനെ കേസിൽപ്പെടുത്തിയവർക്കെതിരേ സുരേഷിനു വേണ്ടി നിയമയുദ്ധം തുടരാൻ സന്നദ്ധനാണെന്ന് കൊച്ചി ആസ്ഥാനമാക്കിയ ബ്ലൂബെൽ ഗ്രൂപ്പിന്റെ ഡയറക്ടർ ജോമോൻ ജോർജ് അറിയിച്ചു. സുരേഷിനു വേണ്ടി സർക്കാർ അഭിഭാഷകൻ ശ്രീകുമാറിന് പുറമേ പ്രത്യേക അഭിഭാഷകനെയും ജോമോൻ ജോർജ് നിയമിച്ചിരുന്നു.

ജയിലിൽ കഴിയേണ്ടിവന്ന കാലത്തെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുരേഷിനുവേണ്ടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഇതിനുള്ള നിയമസഹായമാണ് സൗജന്യമായി ബ്ലൂ ബെൽ നൽകുക.

സുരേഷിനെപ്പോലെ കേരളത്തിലെ ജയിലുകളിൽ ദീർഘകാലമായി റിമാൻഡ്‌ തടവുകാരായി കഴിയുന്നവരെ ജാമ്യത്തിലെടുക്കാനും പദ്ധതിയുണ്ടെന്ന് ജോമോൻ ജോർജ് പറഞ്ഞു. കേസിന്റെ പശ്ചാത്തലവും പ്രതിയുടെ പശ്ചാത്തലവും ജാമ്യത്തിലിറങ്ങാനുള്ള താമസത്തിനുള്ള കാരണങ്ങളും കണക്കിലെടുത്താണ് സഹായം നൽകുക.