തൃശ്ശൂർ : വ്യാജസ്വർണം വിൽക്കാൻ ശ്രമിച്ചപ്പോൾ പിടിയിലായ പുരുഷനും സ്ത്രീയും താമസിച്ചിരുന്ന ലോഡ്ജ് പരിശോധിച്ചപ്പോൾ മയക്കുമരുന്ന് ശേഖരവും. മലപ്പുറം വളാഞ്ചേരി തൈക്കുളത്തിൽ ഹംസക്കുട്ടി (32), നവി മുംബൈ സ്വദേശിനി സക്കീന (27) എന്നിവരാണ് അറസ്റ്റിലായത്.

തിങ്കളാഴ്ച ഹൈറോഡിലെ ഒരു ജൂവലറിയിൽ വ്യാജസ്വർണം വിൽക്കാൻ എത്തിയപ്പോൾ അടുത്തുള്ള മറ്റൊരു ജൂവലറിയുടമയാണ് ഇവരെ തിരിച്ചറിഞ്ഞത്. സെപ്റ്റംബർ ഒമ്പതിനാണ് അടുത്തുള്ള ജൂവലറി ഉടമ കബളിപ്പിക്കപ്പെട്ടത്. അന്ന് ഒരുപവൻ എന്നുപറഞ്ഞാണ് ഇവർ വ്യാജസ്വർണം വിറ്റത്. ഉരച്ചു നോക്കിയപ്പോൾ സ്വർണം ആണെങ്കിലും രണ്ടുദിവസം കഴിഞ്ഞ് ഉരുക്കിയപ്പോഴാണ് ഉള്ളിൽ ചെമ്പെന്ന് കണ്ടത്.

തിങ്കളാഴ്ച ഇരുവരും എത്തിയപ്പോൾ തന്നെ ഇദ്ദേഹം തിരിച്ചറിഞ്ഞു.ജൂവലറിയിൽ വിവരം പറഞ്ഞശേഷം ഇവരെ പിടിച്ചുവെച്ച് ഈസ്റ്റ് പോലീസിൽ വിവരം അറിയിച്ചു. എസ്.എച്ച്.ഒ. ലാൽകുമാറിന്റെ നേതൃത്വത്തിൽ എത്തിയ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. കെ.എസ്.ആർ.ടി.സി. ക്ക് അടുത്തുള്ള ഒരു ലോഡ്ജിലാണ് താമസമെന്ന് പറഞ്ഞതോടെ അവിടേക്ക് പരിശോധനയ്‌ക്ക് കൊണ്ടുപോയി.

ബാഗുകളിൽ അഞ്ച് ഗ്രാം എം.ഡി.എം.എ., 12 ഗ്രാം നൈട്രോസെപാം എന്നീ മയക്കുമരുന്നുകളാണ് കണ്ടെത്തിയത്. തൃശ്ശൂരിൽ വിൽപ്പനയ്‌ക്ക് കൊണ്ടുവന്നതാണെന്ന് ഇവർ പറഞ്ഞു. വിമാനത്തിലാണ് ഓരോ ആഴ്ച കൂടുമ്പോഴും മുംബൈയിലേക്ക് പോകുന്നത്.

ഇരുവരെയും റിമാൻഡ് ചെയ്തു. എസ്.ഐ.മാരായ ഗീതുമോൾ, സുനിൽ കുമാർ, എ.എസ്.ഐ. സുധീർ, മുഹമ്മദ് റാഫി, വിജയൻ എന്നിവർ പോലീസ് സംഘത്തിലുണ്ടായിരുന്നു.