തൃശ്ശൂർ സ്വദേശിനിയിൽനിന്ന് 35 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്

തൃശ്ശൂർ : ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് സ്ത്രീകളിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത മണിപ്പുർ സ്വദേശികളായ ദമ്പതിമാർ പിടിയിൽ. മണിപ്പുർ സദർഹിൽസ് തയോങ് വില്ലേജ് സ്വദേശി സെർതോ റുഗ്നെയ്ഹുയി കോം (36), ഭർത്താവ് സെർതോ ഹൃങ്നെയ്താങ് കോം (35) എന്നിവരാണ് ബെംഗളൂരുവിൽനിന്ന് സിറ്റി സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്. തൃശ്ശൂർ സ്വദേശിയായ യുവതിയിൽനിന്ന് 35 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.

വിദേശത്തുള്ള ഡോക്ടറാണെന്ന് വിശ്വസിപ്പിച്ചാണ് ഫെയ്‌സ്ബുക്കിൽ പരിചയപ്പെടുന്നത്. സമ്മാനമായി വിദേശപണവും സ്വർണവും അയച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പ് തുടങ്ങുക. തട്ടിപ്പുസംഘത്തിലെ പ്രധാനിയായ സെർതോ റുഗ്നെയ്ഹുയി കോം പാഴ്സൽ കമ്പനിയിൽനിന്നാണെന്ന്‌ പറഞ്ഞ് സ്ത്രീകളെ വിളിക്കും. വിദേശപണവും സ്വർണവും ഇന്ത്യയിലേക്ക്‌ അയയ്ക്കാൻ നികുതിയും ഇൻഷുറൻസും അടയ്ക്കണമെന്നു പറഞ്ഞാണ് വൻതുകകൾ വിവിധ അക്കൗണ്ടുകളിലേക്ക്‌ അയപ്പിക്കുന്നത്.

പണം കൈപ്പറ്റിയശേഷം, വിദേശത്തുനിന്ന് ഇന്ത്യയിലേക്ക്‌ പണമയയ്ക്കുന്നത് നിയമവിരുദ്ധമാണെന്നും സംഭവം റിസർവ് ബാങ്കിനെയും പോലീസിനെയും അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി കൂടുതൽ പണം ആവശ്യപ്പെടും. ഡൽഹിയും ബെംഗളൂരുവും കേന്ദ്രീകരിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. രണ്ടുമാസം കൂടുമ്പോൾ താമസം മാറ്റുന്നതായിരുന്നു രീതി.

സിറ്റി സൈബർ ക്രൈം പോലീസ് ബെംഗളൂരുവിൽ പത്തുദിവസത്തോളം താമസിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവരിൽനിന്ന് നിരവധി മൊബൈലുകൾ, എ.ടി.എം. കാർഡുകൾ, സിം കാർഡുകൾ, ചെക്ക്ബുക്കുകൾ എന്നിവ കണ്ടെടുത്തു. മറ്റ് സംസ്ഥാനങ്ങളിലുള്ള നിരവധിപേരിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി അന്വേഷണത്തിൽ തെളിഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

 സെർതോ ഹൃങ്നെയ്താങ് കോം, സെർതോ റുഗ്നെയ്ഹുയി കോം

സൗഹൃദാഭ്യർഥനകളിൽ ജാഗ്രത വേണം

അപരിചിതരുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളിൽനിന്ന് വരുന്ന സൗഹൃദാഭ്യർഥനകളിൽ ജാഗ്രതപുലർത്തണമെന്ന് സിറ്റി പോലിസ് കമ്മിഷണർ ആർ. ആദിത്യ പറഞ്ഞു. തൃശ്ശൂർ സൈബർ ക്രൈം ഇൻസ്പെക്ടർ എ.എ. അഷറഫ്, സബ് ഇൻസ്പെക്ടർ നൈറ്റ്, എ.എസ്.ഐ. സതീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ അപർണ, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീകുമാർ, അനൂപ്, ശരത്ത്, അനീഷ്, വിഷ്ണുകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.