കൊടുങ്ങല്ലൂർ : താലൂക്കിൽ കനത്ത മഴയെത്തുടർന്നുണ്ടായ തീരദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിഞ്ഞു. എന്നാൽ ജാഗ്രതാനിർദേശം തുടരുന്നു.

കയ്പമംഗലത്തും എടത്തിരുത്തിയിലും ആരംഭിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ ചൊവ്വാഴ്ച കൂടുതൽ കുടുംബങ്ങൾ എത്തി.

കനോലി കനാലിൽ വെള്ളം താഴാത്തതും ബുധൻ, വ്യാഴം ദിവസങ്ങളിൽ ശക്തിയായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമാണ് ക്യാമ്പുകളിലേക്ക് കൂടുതൽ പേർ എത്താൻ കാരണമായത്. പൊയ്യ വില്ലേജിലെ വട്ട കോട്ടയിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങളിൽനിന്നും ജനങ്ങളെ മാറ്റിത്താമസിപ്പിച്ചു. ക്യാമ്പുകളിലേക്ക് വരാൻ മടിച്ചവരെ ബന്ധുവീടുകളിലേക്കും മറ്റുമാണ് മാറ്റിയിട്ടുള്ളത്. ഇടുക്കി അടക്കമുള്ള വിവിധ ഡാമുകൾ തുറന്നതിനെത്തുടർന്ന് ചാലക്കുടിപ്പുഴയിലും പെരിയാറിലും ജലനിരപ്പുയരുമെന്ന മുന്നറിയിപ്പിനെത്തുടർന്നുള്ള ജാഗ്രത തുടരുകയാണ്. കോട്ടപ്പുറം പുഴയിലും പുല്ലൂറ്റ് കനോലി കനാലിലും ചൊവ്വാഴ്ച വൈകീട്ട് വരെ ജലനിരപ്പ് ഉയർന്നിട്ടില്ല. അടുത്ത രണ്ട് ദിവസങ്ങളിൽ കാലാവസ്ഥാ മുന്നറിയിപ്പ് നിലവിലുള്ളതിനാൽ തീരദേശപ്രദേശങ്ങളിൽ ജാഗ്രത തുടരുകയാണ്.