വടക്കാഞ്ചേരി : കേരളത്തിൽ പരക്കെ അനുഭവപ്പെട്ട തീവ്രമഴയ്ക്ക്‌ കാരണം ലഘു മേഘവിസ്ഫോടനമെന്ന് ആവർത്തിച്ച് കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ. പി. വിജയകുമാർ.

മുകളിലേക്ക് വളരുന്ന കുമുലോനിംബസ് മേഘങ്ങളാണ് കുറഞ്ഞ സമയത്തിനുള്ളിൽ തീവ്രമഴ പെയ്യിക്കുന്നത്. അടുത്ത മൂന്നുദിവസങ്ങളിലും മഴയ്ക്ക് കൂടുതൽ സാധ്യത വിലയിരുത്തുന്നതായും അദ്ദേഹം പറഞ്ഞു. വടക്കാഞ്ചേരി ശ്രീകേരളവർമ പബ്ലിക് ലൈബ്രറിയുടെ കരിയർ ഗൈഡൻസ് വിഭാഗം മേഘവിസ്ഫോടന പ്രതിഭാസത്തെക്കുറിച്ച് സംഘടിപ്പിച്ച സെമിനാറിൽ വിഷയാവതരണം നടത്തുകയായിരുന്നു പി. വിജയകുമാർ.

ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി വി. മുരളി ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി ജി. സത്യൻ മോഡറേറ്ററായി. കെ.എസ്. അബ്ദുൾ റഹിമാൻ, ലിസി കോര, പി.കെ. സുബ്രഹ്മണ്യൻ, ടി. വർഗീസ്, അജീഷ് കർക്കിടകത്ത്, ഷസിയ, അനിതാ ഗോപകുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.