കോഴിക്കോട് : കെ. രാഘവൻ മാസ്റ്റർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2021-ലെ പുരസ്കാരത്തിന് സംഗീത സംവിധായകൻ വിദ്യാധരനെ തിരഞ്ഞെടുത്തു. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

നാടൻ ഈണങ്ങളുടെയും ശാസ്ത്രീയ സംഗീതത്തിന്റെയും ഹിന്ദുസ്ഥാനി ശൈലിയുടെയും ആത്മസത്ത സൗന്ദര്യാത്മകമായി സമന്വയിപ്പിച്ച് സ്വന്തമായി ഒരു പാത വെട്ടിത്തുറന്ന സംഗീതസംവിധായകനാണ് വിദ്യാധരനെന്ന് ജൂറി അംഗങ്ങൾ വിലയിരുത്തി. നവംബർ ആദ്യവാരം തൃശ്ശൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കുമെന്ന് ഫൗണ്ടേഷൻ പ്രസിഡന്റ് വി.ടി. മുരളിയും സെക്രട്ടറി ടി.വി. ബാലനും അറിയിച്ചു.

കർഷകർക്ക് നഷ്ടപരിഹാരം നൽകണം

തൃശ്ശൂർ : ശക്തമായ മഴയിൽ കൃഷി നശിച്ച കർഷകർക്ക് അടിയന്തര സഹായധനം നൽകണമെന്ന് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മുണ്ടകൻ കൃഷി നശിച്ചതിനാൽ വിത്തിറക്കാൻ വിത്തും വളവും നൽകണം. പ്രസിഡന്റ് രവി പോലുവളപ്പിൽ, ജില്ലാ ജനറൽ സെക്രട്ടറിമാരായ റാഫേൽ പൊന്നാരി, പോൾ പുല്ലൻ, ജ്യോതിബാസു, എ.ആർ. സുകുമാരൻ, മനോജ് കെ. ഭാസ്‌കർ, സജീവൻ നടത്തറ, അഡ്വ. രാജീവൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ജില്ലാ കൺവെൻഷൻ

തൃശ്ശൂർ : സീനിയർ സിറ്റിസൺസ് ഫ്രൺഡ്‌സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. അലി അക്ബർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ.സി. പദ്‌മരാജൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി.പി. ബാലൻ, ജില്ലാ സെക്രട്ടറി കെ.പി. റപ്പായി, ട്രഷറർ എം.സി. ഹൈദരാലി, വി.വി. ദേവദാസ്, ജി. പ്രേംകുമാർ എന്നിവർ പ്രസംഗിച്ചു.

മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റ്

തൃശ്ശൂർ : സംസ്ഥാന മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ അവസരം. 35 വയസ്സിന് മുകളിലുള്ള വനിതാ-പുരുഷ കായികതാരങ്ങൾക്ക് പങ്കെടുക്കാം. പങ്കെടുക്കാനാഗ്രഹിക്കുന്നവർ അറിയിക്കണമെന്ന് മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ഫെഡറേഷൻ ജില്ലാകമ്മിറ്റി അറിയിച്ചു. നവംബർ 13, 14 തീയതികളിലായി കോഴിക്കോട്ടുവെച്ചാണ് മീറ്റ് നടക്കുന്നത്. ഫോൺ 7012729478, 9526310525.

1017 പേർക്കുകൂടി കോവിഡ്

തൃശ്ശൂർ : ജില്ലയിൽ ചൊവ്വാഴ്‌ച 1017 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗസ്ഥിരീകരണനിരക്ക് 11.74 ശതമാനം. 1,247 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,384 ആണ്. തൃശ്ശൂർ സ്വദേശികളായ 78 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,12,454 ആണ്. 5,06,223 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്.