വടക്കാഞ്ചേരി : വേലൂർ ഹൈസ്‌കൂളിലെ സംസ്‌കൃതം ഒാറിയന്റൽ പദവി ഇല്ലാതെയാക്കാൻ പ്രധാനാധ്യാപിക ബോധപൂർവം ശ്രമിച്ചെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ കണ്ടെത്തി. മുഖ്യമന്ത്രിയുടെ പരാതിസെല്ലിന് വേലൂർ പണിക്കവീട്ടിൽ സന്തോഷ് നൽകിയ പരാതി സംബന്ധിച്ച് ബന്ധപ്പെട്ടവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള ഉത്തരവിലാണ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഈ പരാമർശം. ഓറിയന്റൽ സംസ്‌കൃതവിഭാഗമായി (ശുദ്ധസംസ്‌കൃതം) വേലൂർ സ്‌കൂൾ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ രേഖകൾപ്രകാരം നിലവിലുണ്ട്. ഇവിടെ വിദ്യാഭ്യാസവകുപ്പിന്റെ അനുമതിയില്ലാതെ സംസ്‌കൃതം പഠിക്കുന്ന കുട്ടികളെ മലയാളം പഠിക്കാൻ നിർബന്ധിച്ച നടപടി അംഗീകരിക്കുന്നില്ല.

കഴിഞ്ഞ അധ്യയനവർഷം സമർപ്പിച്ച കണക്കിൽ സംസ്‌കൃതം പിരീഡ് കുറച്ചുകാണിച്ചതിനാൽ ഒരു അധ്യാപികയ്ക്ക് പുറത്തുപോകേണ്ടിവന്നു. സംസ്‌കൃതം പുസ്തകം ലഭ്യമാക്കാതിരുന്നതും സംസ്‌കൃതപഠനം നിരുത്സാഹപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമായിരുന്നു. 2021-22 അധ്യയനവർഷം മുതൽ വേലൂർ സ്‌കൂളിന്റെ യു.പി. വിഭാഗം ശുദ്ധസംസ്‌കൃതവിഭാഗമായി പ്രവർത്തിക്കണമെന്നും പ്രധാനാധ്യാപികയ്ക്ക് വിദ്യാഭ്യാസ ഉപഡയറക്ടർ ഉത്തരവ് നൽകി.

സംസ്‌കൃതപഠനം നിരുത്സാഹപ്പെടുത്തിയ വേലൂർ ഗവ. സ്‌കൂളിലെ പ്രധാനാധ്യാപികയ്ക്കെതിരേ വകുപ്പുതല നടപടി വേണമെന്ന് വിശ്വസംസ്‌കൃതപ്രതിഷ്ഠാനം തലപ്പിള്ളി താലൂക്ക് സമിതിയും വേലൂർ പൈതൃകസമിതിയും ആവശ്യപ്പെട്ടു. സംസ്ഥാനത്ത്‌ സംസ്‌കൃതം ഒാറിയന്റൽ പദവിയുള്ള അപൂർവം വിദ്യാലയങ്ങളിലൊന്നാണ് വേലൂർ സ്‌കൂൾ.