ഇരിങ്ങാലക്കുട : തിരക്കേറിയ ഇരിങ്ങാലക്കുട ബിവറേജസ് മദ്യവില്പനശാല ഓൺലൈനായി. കാട്ടൂർ റോഡിൽ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റ് അടക്കമുള്ള ബിവറേജസ് മദ്യവില്പനശാലയാണ് ശനിയാഴ്ച മുതൽ ഓൺലൈനിലായത്. ജില്ലയിൽ രണ്ടാമത്തേതും ചാലക്കുടി വെയർ ഹൗസിന് കീഴിലുള്ള ആദ്യത്തേതുമായി. ജില്ലയിൽ ആദ്യത്തേത് അയ്യന്തോൾ പഞ്ചിക്കലിലെയാണ്.

പണം നേരിട്ട് നൽകുന്നതും തിരക്കും ഒഴിവാക്കുന്നതിനാണ് ഓൺലൈൻ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. കംപ്യൂട്ടറിലെ ടച്ച് സ്‌ക്രീൻ സിസ്റ്റത്തിലൂടെ വേഗത്തിൽ ബില്ലിങ്‌ നടത്താമെന്നുള്ളതിനാൽ അധികനേരം കാത്തുനിൽക്കേണ്ടിവരില്ലെന്ന് ജീവനക്കാർ പറഞ്ഞു. മാത്രമല്ല, booking.ksbc.co.in എന്ന സൈറ്റിൽ സ്‌റ്റോക്കുണ്ടോയെന്ന്‌ പരിശോധിക്കാനും പണമടച്ച് ബുക്ക് ചെയ്യാനും ആവശ്യക്കാർക്ക് സാധിക്കും. ആയിരം രൂപയ്ക്ക് മുകളിലുള്ള മദ്യത്തിനാണ് ആദ്യഘട്ടത്തിൽ ഓൺലൈൻ വഴി ബുക്കിങ്‌ ഏർപ്പെടുത്തിയിരിക്കുന്നത്.