അതിരപ്പിള്ളി: കണ്ണൻകുഴി ജലനിധി കുടിവെള്ള പദ്ധതിയിൽ പമ്പിങ്‌ നടത്താത്തതിനാൽ അതിരപ്പിള്ളി, കണ്ണൻകുഴി മേഖലയിൽ കുടിവെള്ളക്ഷാമം. പട്ടികജാതി കോളനികളും നാല് സെന്റ് കോളനികളുമുള്ള മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. പലരും ഏറെദൂരം സഞ്ചരിച്ചാണ് കുടിവെള്ളം എടുക്കുന്നത്. ബിൽ അടയ്ക്കാത്തതിനാൽ വൈദ്യുതിവകുപ്പ് അധികൃതരുടെ ആവശ്യപ്രകാരമാണ് 12 ദിവസമായി പമ്പിങ്‌ നടത്താനാകാത്തത്. വൈദ്യുതി ബിൽ തുക കുടിശ്ശിക അടയ്ക്കാനുള്ളത് 1.58 ലക്ഷം രൂപയാണ്. 130 ലേറെ കുടിവെള്ള കണക്ഷനുകളാണ് പദ്ധതിയിലുള്ളത്.

കോവിഡിനെത്തുടർന്നുള്ള ലോക്ഡൗൺ മൂലം റിസോർട്ടുകളും കടകളും അടച്ചതോടെയാണ് കുടിവെള്ള ബിൽ തുക അടയ്ക്കാനാകാതെ പോയത്. നിരവധി പേർ കുടിവെള്ളത്തിന്റെ പണമടയ്ക്കാനുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. അതിനാലാണ് വൈദ്യുതിബിൽ അടയ്ക്കാൻ സാധിക്കാത്തത്. വെള്ളത്തിന്റെ പണമടയ്ക്കാൻ ഗുണഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജലനിധി ഭാരവാഹികൾ പറഞ്ഞു.