തൃശ്ശൂർ : ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ നിർമിച്ച 1002 ഭവനങ്ങളുടെ പൂർത്തീകരണപ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.

ജില്ലയിലെ ഗ്രാമപ്പഞ്ചായത്തുകളിൽ 694 ഭവനങ്ങളുടെയും നഗരസഭകളിൽ 308 ഭവനങ്ങളുടെയും നിർമാണം പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനമാണ് നടന്നത്.

ജില്ലയിലെ ഗ്രാമപ്പഞ്ചായത്തുകളിൽ 34 ഭവനങ്ങൾ പൂർത്തിയാക്കി തെക്കുംകര ഗ്രാമപ്പഞ്ചായത്തും നഗരസഭകളിൽ 120 ഭവനങ്ങൾ പൂർത്തീകരിച്ച് വടക്കാഞ്ചേരി നഗരസഭയുമാണ് ഒന്നാമതുള്ളത്. ലൈഫ് മിഷൻ ഭവനപദ്ധതിയുടെ ഭാഗമായി വിവിധഘട്ടങ്ങളിലായി ജില്ലയിൽ ഇതുവരെ 18,740 വീടുകളാണ് പൂർത്തിയായത്.

തൃപ്രയാർ : തളിക്കുളം ഗ്രാമപ്പഞ്ചായത്തിൽ ലൈഫ് പദ്ധതിയിലെ ഒമ്പത് വീടുകളുടെ പൂർത്തീകരണോദ്ഘാടനം നടന്നു.

ഗ്രാമപ്പഞ്ചായത്ത് എട്ടാം വാർഡിലെ സജീവൻ എരണേഴത്തിന്റെ വീട്ടുകാർക്ക് താക്കോൽ കൈമാറി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ പി.ഐ. സജിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.കെ. അനിത അധ്യക്ഷയായി.

പാവറട്ടി : പാവറട്ടി പഞ്ചായത്തിൽ നിർമിച്ച വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡൻറ് സിന്ധു അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എം.എം. റെജീന അധ്യക്ഷയായി.

മുല്ലശ്ശേരി : ലൈഫ് മിഷൻ വഴി പഞ്ചായത്തിൽ നിർമിച്ച വീടുകളുടെ പ്രഖ്യാപനവും താക്കോൽദാനവും പ്രസിഡൻറ് ശ്രീദേവി ജയരാജൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് രാജശ്രീ ഗോപകുമാർ അധ്യക്ഷയായി.

കാഞ്ഞാണി : മണലൂരിൽ ഏഴ് വീടുകളുടെ ഗൃഹപ്രവേശം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് പി.ടി. ജോൺസൻ വീട്ടുകാർക്ക് പഞ്ചായത്തിന്റെ ഉപഹാരങ്ങൾ വീടുകളിൽ എത്തിച്ചുനൽകി.

പുത്തൻപുരയ്ക്കൽ സന്ധ്യ രാജേഷ്, നമ്പിയത്ത് തുളസി മനോജ്, കാട്ടികോലാത്ത് സുമതി, പുത വീട്ടിൽ സുബിത അനീഷ്, പേരാത്ത് കമലം, തൃപ്പനാത്ത് സ്മൃതി റിജി, കാര്യാട്ട് വിജി അജിത്കുമാർ എന്നിവർക്കാണ് വീടുകൾ ലഭിച്ചത്.

ചാവക്കാട് : നഗരസഭയിൽ സ്വന്തമായി വീടുലഭിച്ചത് 728 കുടുംബങ്ങൾക്ക്. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നഗരസഭയിൽ ലൈഫ് ഭവന പദ്ധതിയിൽ നിർമാണം പൂർത്തീകരിച്ച വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു.

നാലാം ഡി.പി.ആർ-ൽ ആദ്യം പണി പൂർത്തീകരിച്ച ജമീല വെള്ളക്കാട്ട് എന്ന ഗുണഭോക്താവിന് പഞ്ചാബ് നാഷണൽ ബാങ്കിന്റെ ചാവക്കാട് ബ്രാഞ്ച് സ്പോൺസർ ചെയ്ത 10,000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ ചെയർപേഴ്സൺ പരിപാടിയിൽ സമ്മാനിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.കെ. മുബാറക്ക് അധ്യക്ഷനായി.

വാടാനപ്പള്ളി : ലൈഫ് ഭവന പദ്ധതിയിലുൾപ്പെടുത്തി നിർമാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം മുരളി പെരുനെല്ലി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശാന്തി ഭാസി അധ്യക്ഷയായി. ഗുണഭോക്താക്കളായ യശോദ ശശി നാറാണത്ത്, ശോഭ പെരിങ്ങാട്ട്, കല്യാണി വെള്ളാഞ്ചേരി എന്നിവർ താക്കോൽ ഏറ്റുവാങ്ങി.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് മുഖ്യാതിഥിയായി.