ചാലക്കുടി : ചാലക്കുടിപ്പുഴയുടെ തീരങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകുമെന്ന ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ് വലിയ ആശങ്കയാണ് തിങ്കളാഴ്ച മേഖലയിൽ ഉണ്ടാക്കിയത്. എന്നാൽ ആശങ്ക വൈകീട്ടോടെ ഇല്ലാതായി. പുഴയിലെ വെള്ളം ചെറിയതോതിൽ മാത്രം ഉയരുന്നതാണ്‌ കണ്ടത്. മാത്രമല്ല , രാവിലെമുതൽ മഴയും പൂർണമായി അകന്നുനിന്നു.

പുഴയിലെ ജലനിരപ്പ് കണക്കാക്കുന്ന ആറങ്ങാലിയിൽ വൈകീട്ട് 5.30-ന് രേഖപ്പെടുത്തിയ അളവ് 4.74 മീറ്ററാണ്. പുഴ കവിഞ്ഞൊഴുകാൻ 7.1 മീറ്റർ എത്തണം. ഒഴുകിയെത്തുന്ന വെള്ളത്തിന്റെ നിരപ്പ് നാലുമണിക്കൂർ കൊണ്ട് 0.4 മീറ്ററേ ഉയർന്നിട്ടുള്ളൂവെന്നും കണ്ടെത്തി. അതോടെ വെള്ളം കാര്യമായി ഉയരുകയില്ലെന്ന ആശ്വാസമായി.

ഇത് ശരിവയ്ക്കുന്ന രീതിയിലാണ് മലയോരത്തുനിന്ന് കിട്ടിയ വിവരങ്ങൾ. വൈകീട്ട് ആറോടെ ഈ ഭാഗങ്ങളിൽ പുഴയിൽ കാര്യമായി ജലനിരപ്പ് താണിരുന്നു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ കുത്തൊഴുക്ക് കുറഞ്ഞു. പെരിങ്ങൽക്കുത്തിൽനിന്ന് തിങ്കളാഴ്ച വൈകീട്ടുവരെ തുറന്നുവിട്ടത് ശരാശരി 400 ഘനമീറ്റർ മുതൽ 450 ഘനമീറ്റർ വരെ വെള്ളമാണ്.

പറമ്പിക്കുളത്തുനിന്ന് ശരാശരി 115 മുതൽ 170 ഘനമീറ്റർ വരെ വെള്ളം പെരിങ്ങൽക്കുത്തിൽ എത്തിയിരുന്നു. ഷോളയാർ ഡാം തിങ്കളാഴ്ച രാവിലെ തുറന്നു. ഇവിടെനിന്ന് 25 ഘനമീറ്റർ വെള്ളമാണ് തുറന്നുവിട്ടത്. ഇതും പെരിങ്ങലിലെത്തി.

ഡിവൈൻ ധ്യാനകേന്ദ്രം, പരിയാരം സെയ്‌ന്റ് ജോർജ് എൽ.പി. സ്കൂൾ എന്നിവിടങ്ങളിൽ പുതിയ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കൊടകര, പരിയാരം ചക്രപാണി എന്നിവിടങ്ങളിൽ നേരത്തെ രണ്ടു ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഡിവൈനിലേക്ക് ഡിവൈൻ കോളനിയിൽ നിന്നുള്ളവരെയും പരിയാരം സ്കൂളിലേക്ക് മംഗലൻ കോളനിയിലുള്ളവരെയുമാണ് മാറ്റിപ്പാർപ്പിച്ചത്.