ചാവക്കാട് : ശക്തമായ മഴ ഇല്ലാതിരുന്നിട്ടും തിങ്കളാഴ്ചയും കനോലി കനാൽ കവിഞ്ഞൊഴുകുന്ന നിലയിലായിരുന്നു. പല ഭാഗങ്ങളിലും കനാലും കരയും തിരിച്ചറിയാൻ കഴിയാത്തവിധമാണ് ഒഴുകുന്നത്. വഞ്ചിക്കടവ് മേഖലയിലാണ് സ്ഥിതി രൂക്ഷമായിട്ടുള്ളത്. ഇവിടെ കനാൽത്തീരത്തെ പത്തിലേറെ വീടുകൾ വെള്ളക്കെട്ടിൽ തുടരുകയാണ്.

നിലവിൽ അപകടകരമായ സ്ഥിതിയില്ലെങ്കിലും മഴ തുടർന്നാൽ പ്രശ്നം ഗുരുതരമാവും. ഏതു സ്ഥിതിയും നേരിടാൻ നഗരസഭ സജ്ജമാണെന്ന് ചെയർപേഴ്‌സൺ ഷീജാ പ്രശാന്ത് പറഞ്ഞു. മഴ ശക്തമായാൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ മണത്തല ഗവ. സ്‌കൂളിൽ ക്യാമ്പ് സജ്ജമാക്കിയിട്ടുണ്ടെന്നും ചെയർപേഴ്‌സൺ പറഞ്ഞു. ഒരുമനയൂർ വില്യംസ് ഭാഗത്തും കനോലി കനാൽ കരയിലേക്കു കയറിയാണ് ഒഴുകുന്നത്.