മാള : അഷ്ടമിച്ചിറ-ചാലക്കുടി പൊതുമരാമത്ത് റോഡിൽ പഴൂക്കര മുതൽ പറയൻ തോട് വരെയുള്ള രണ്ട് കിലോമീറ്റർ ദൂരം റോഡ് തകർന്ന് യാത്ര ദുഷ്‌കരമായി. 10 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ മധ്യഭാഗത്തായുള്ള ഈ രണ്ട് കിലോമീറ്റർ ദൂരമൊഴികെ എട്ട് കിലോമീറ്ററും ബി.എം.ആൻഡ്‌ ബി.സി. ടാറിങ് നടത്തി വിപുലീകരിച്ചിട്ടുള്ളതാണ്.

ചാലക്കുടി നിയോജകമണ്ഡലവും കൊടുങ്ങല്ലൂർ നിയോജകമണ്ഡലവും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് റോഡ്. ചാലക്കുടി നിയോജകമണ്ഡല പ്രദേശത്ത് റോഡ് പൂർണമായി ടാറിങ് നടത്തി. കൊടുങ്ങല്ലൂർ നിയോജകമണ്ഡല പ്രദേശത്താണ് റോഡ് കുണ്ടുംകുഴിയുമായി അവശേഷിക്കുന്നത്.

അന്നമനട-വൈന്തല റോഡ് കേന്ദ്രറോഡ് ഫണ്ട് ഉപയോഗിച്ച് നവീകരിച്ചപ്പോൾ ചാലക്കുടി റോഡിൽ അഷ്ടമിച്ചിറ മുതൽ പഴൂക്കരവരെയുള്ള റോഡ് ടാറിങ് നടത്തിയതാണ് ഏക ആശ്വാസം. ഇത്രയും ഭാഗം കഴിഞ്ഞുള്ള റോഡാണ് മഴയിൽ തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ടുള്ളത്.

മാസങ്ങൾക്ക് മുമ്പ് റോഡിലെ കുഴികൾ താത്‌കാലികമായി അടച്ചുവെങ്കിലും ഇപ്പോൾ അവയെല്ലാം വീണ്ടും പഴയപോലെയായി. തകർന്ന രണ്ട് കിലോമീറ്റർ റോഡ് ബി.എം.ആൻഡ്‌ ബി.സി. ടാറിങ്ങ് നടത്തുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞിരുന്നുവെങ്കിലും നടപടികളൊന്നുമായിട്ടില്ല.