ഗുരുവായൂർ : ഷൊർണൂർ ചുടുവാലത്തൂർ ക്ഷേത്രത്തിൽ മഹാദേവനെ പൂജിച്ച് ദീപാരാധന നടത്തിയാണ് തെക്കേപ്പാട്ട് ജയപ്രകാശൻ നമ്പൂതിരി മേൽശാന്തി തിരഞ്ഞെടുപ്പിനുള്ള കൂടിക്കാഴ്‌ചയ്ക്ക് ഗുരുവായൂരിലേക്ക് പുറപ്പെട്ടത്. 25 വർഷമായി ജയപ്രകാശൻ നമ്പൂതിരി ചുടുവാലത്തൂർ മഹാദേവനെ പൂജിക്കുന്നു.

ജ്യേഷ്ഠൻ ശങ്കരനാരായണൻ നമ്പൂതിരിയാണ് ചുടുവാലത്തൂർ ക്ഷേത്രത്തിലെ മേൽശാന്തി. സഹോദരൻ ശിവദാസനും ഇതേ ക്ഷേത്രത്തിലെ ശാന്തിയാണ്. മറ്റൊരു സഹോദരൻ ത്രാങ്ങാലി മേൽതൃക്കോവിൽ ക്ഷേത്രത്തിലെ മേൽശാന്തിയാണ്. അച്ഛൻ നാരായണൻ നമ്പൂതിരി ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററായിരുന്നു.

വലിയതന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടുമായി കൂടിക്കാഴ്‌ച കഴിഞ്ഞയുടനെ ഗുരുവായൂരിൽനിന്ന് പാലക്കാട്ടെ കവളപ്പാറയിലേക്ക് മടങ്ങി. മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട വിവരം അറിയുമ്പോൾ കാരക്കാടുള്ള മനയിലായിരുന്നു. ഉടനെ ഗുരുവായൂരിലേക്ക് വീണ്ടും തിരിച്ചു. കുടുംബസമേതം വൈകീട്ട് നാലരയ്ക്ക് ഗുരുവായൂരിലെത്തി ഭഗവാനെ വണങ്ങി. വലിയതന്ത്രി നാരായണൻ നമ്പൂതിരിപ്പാടിന്റെ അനുഗ്രഹവും വാങ്ങി.

മേൽശാന്തിയായിരിക്കെ മൂർത്തിയേടത്ത് കൃഷ്ണൻ നമ്പൂതിരി ഗുരുനാഥനായ തിയ്യന്നൂർ ശങ്കരനാരായണ പ്രമോദ് നമ്പൂതിരിയുടെ പേര് നറുക്കെടുത്തപ്പോൾ, ശങ്കരനാരായണ പ്രമോദ് നമ്പൂതിരി തിയ്യന്നൂർമനയിലെ ശിഷ്യനായ ജയപ്രകാശൻ നമ്പൂതിരിയുടെ പേര്‌ നറുക്കെടുത്തതും പ്രത്യേകതയായി.