സർക്കാരിന്റെ അനുമതി വാങ്ങും

ചാലക്കുടി : ടൗൺ മാസ്റ്റർ പ്ലാൻ പ്രാബല്യത്തിലാക്കുന്നതിനു മുമ്പ് നഗരവാസികൾക്കുള്ള പരാതിയും നിർദേശങ്ങളും സമർപ്പിക്കാൻ രണ്ടു മാസം നൽകണമെന്ന് സർക്കാരിനോടാവശ്യപ്പെടാൻ നഗരസഭാ യോഗം ഐകക േണ്ഠ്യന തീരുമാനിച്ചു.

സർക്കാരിന്റെ അനുമതി കിട്ടി പരാതി സമർപ്പിക്കാൻ 60 ദിവസം വേണമെന്നാണ് കൗൺസിൽ യോഗം നിർദേശം വെച്ചിട്ടുള്ളത്. ആക്ഷേപങ്ങൾ സമർപ്പിക്കാൻ എത്ര സമയം അനുവദിക്കണമെന്ന് ചോദിച്ച് ജില്ലാ ടൗൺ പ്ലാനിങ് ഓഫീസർ കഴിഞ്ഞ ദിവസം നഗരസഭയ്ക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചേർന്ന കൗൺസിൽ യോഗമാണ് രണ്ടുമാസംകൂടി സമയം അനുവദിക്കാൻ സർക്കാരിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചത്.

കഴിഞ്ഞ നഗരസഭാ ഭരണ സമിതിയുടെ കാലയളവിൽ സർക്കാർ അനുമതിയോടെ പ്രസിദ്ധീകരിച്ച കരട് മാസ്റ്റർ പ്ലാനിനെ സംബന്ധിച്ച് ആക്ഷേപങ്ങൾ ഉന്നയിക്കാൻ നഗരവാസികൾക്ക് സൗകര്യം ലഭിച്ചിരുന്നില്ല. പ്ലാനിൽ അപാകം ഉണ്ടെങ്കിലും പരാതികൾ നൽകുന്നതിനുള്ള സമയപരിധി കഴിഞ്ഞിരുന്നു. ഇക്കാര്യത്തിൽ മുൻ ഭരണസമിതിക്ക് വീഴ്ചയുണ്ടായതായി ഷിബു വാലപ്പൻ, ബിജു ചിറയത്ത് തുടങ്ങിയവർ വ്യാഴാഴ്ചത്തെ യോഗത്തിൽ ചൂണ്ടിക്കാട്ടി.

ഇപ്പോഴത്തെ ഭരണകക്ഷി അധികാരത്തിലിരുന്ന കാലത്താണ് പ്ലാൻ തയ്യാറാക്കിയതെന്ന് പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ് പറഞ്ഞു. പ്രശ്‌നത്തിൽ ഇരുമുന്നണികൾക്കും തുല്യ പങ്കുണ്ടെന്ന് ബി.ജെ.പി. അംഗം വത്സൻ ചമ്പക്കര ആരോപിച്ചു.

ചെയർമാൻ വി.ഒ. പൈലപ്പൻ അധ്യക്ഷനായി. അഭിപ്രായം പറയുന്നത് ചെയർമാൻ തടസ്സപ്പെടുത്തിയെന്നാരോപിച്ച് വത്സൻ ചമ്പക്കര യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. എന്നാൽ ഈ ആരോപണം ചെയർമാൻ നിഷേധിച്ചു. എം.എം. അനിൽകുമാർ, എബി ജോർജ്, ബിജി സദാനന്ദൻ, കെ.എസ്. സുനോജ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.