തൃശ്ശൂർ : കേരളത്തിലെ ആദ്യ ഫ്ലഡ്‌ലിറ്റ് ടൂർണമെന്റ് മലപ്പുറത്തെ എടവണ്ണയിൽ നടക്കുന്നു. മന്പാട് ടീമും തൃശ്ശൂർ ജയാ ബേക്കറിയുമാണ് ഫൈനലിൽ. ജയാ ബേക്കറിയുടെ സ്ട്രൈക്കർ അബ്ദുൾ ഗനിയുടെ കളിമികവോടെ രണ്ട്‌ ഗോളിന് ജയാ ബേക്കറി കപ്പുയർത്തി. പക്ഷേ, കളി തീരുമ്പോൾ മൈതാനത്തിലേക്ക് കാണികളിറങ്ങി.

‘ഈ ടീമുകൾ നാളെയും ഇവിടെ കളിക്കണം’. ഈ ആവശ്യത്തിനു പിന്നിൽ ഒരേയൊരു കാരണം മാത്രം. ‘ടോ കിക്കു’കൊണ്ട് മാന്ത്രികത തീർത്ത അബ്ദുൾ ഗനിയെന്ന സുഡാൻകാരന്‍റെ പ്രകടനം ഒരിക്കൽക്കൂടി കാണാൻ. പിറ്റേദിവസവും ഇതേ ടീമുകളേറ്റുമുട്ടി. ജയാ ബേക്കറി വിജയമാവർത്തിച്ചു.

അബ്ദുൾ ഗനി തൃശ്ശൂരിന്റെയും തൃശ്ശൂർ കേരളവർമയുടെയും ഫുട്ബോൾ മൈതാനങ്ങളിെല രാജാവായിരുന്നു.

തൊണ്ണൂറുകളിൽ കാലിക്കറ്റ് സർവകലാശാലയുടെയും പിന്നീട് സെവൻസിൽ ഒക്ടോപ്പസിന്റെയും ജയാ ബേക്കറിയുടെയും ഭാഗമായി നിറഞ്ഞുനിന്നയാൾ. ചാലക്കുടിയിലെ സതേൺ എൻജിനീയറിങ് കോളേജിൽ എയ്റോനോട്ടിക്കൽ എൻജിനീയറിങ് പഠിക്കാനെത്തിയതായിരുന്നു അബ്ദുൾ ഗനി. പിന്നീട് കേരളവർമ കോളേജിൽ ചേർന്നതോടെ കാലിക്കറ്റ് സർവകലാശാലയുടെ ഫുട്ബോൾ ടീമിലിടം നേടി.

ഒരു ദുശ്ശീലവുമില്ലാത്ത, കളിക്കളങ്ങളിൽ മാന്യതയുടെ മറുവാക്കായിരുന്നു ഗനി. ആഫ്രിക്കൻ കരുത്തുണ്ടായിരുന്നുവെങ്കിലും ഒരിക്കൽപ്പോലും സഹകളിക്കാരെ പ്രകോപിപ്പിക്കാനെത്തിയിട്ടില്ലെന്ന് സെവൻസിലെ സഹതാരം എം.വി. ഗിരീഷ് പറഞ്ഞു.

അബ്ദുൾ ഗനിയെന്ന സ്ട്രൈക്കറുടെ മികവിലാണ് 1992 -’93-ലെ അന്തസ്സർവകലാശാലാ ചാമ്പ്യൻഷിപ്പിലടക്കം കാലിക്കറ്റ് മിന്നും പ്രകടനം കാഴ്ചവെച്ചതെന്ന് സഹകളിക്കാർ ഓർക്കുന്നു. ‘എടത്വാ കോളേജ് സുവർണജൂബിലി ചാമ്പ്യൻഷിപ്പ്, കണ്ടംകുളത്തി ചാമ്പ്യൻഷിപ്പ് തുടങ്ങി ആറ് ചാമ്പ്യൻഷിപ്പുകൾ ആ വർഷം കേരളവർമ കോളേജ് നേടിയതിൽ അബ്ദുൾ ഗനിയുടെ പങ്ക് ചെറുതല്ല’ -സഹതാരവും കേരള പോലീസ് വെറ്ററൻ ഫുട്ബോൾ താരവുമായ വിനയചന്ദ്രൻ പറഞ്ഞു.

ആരോഗ്യപ്രശ്നങ്ങൾ വകവെയ്ക്കാതെയാണ് ഗനി കളത്തിലിറങ്ങിയതെന്ന് കാലിക്കറ്റ് സർവകലാശാലാ ഫുട്ബോൾ പരിശീലകനായിരുന്ന വിക്ടർ മഞ്ഞില ഓർക്കുന്നു. ‘