തൃശ്ശൂർ : സംസാരശേഷിയും കേൾവിശക്തിയുമില്ലാത്തവർക്ക് കൗൺസിലിങ് നൽകുന്നതിനുള്ള പദ്ധതിരേഖ സർക്കാരിലേക്ക്. ഇവരുടെ മാനസികസമ്മർദം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഗവ. ജനറൽ ആശുപത്രിയിലെ മനഃശാസ്ത്രവിദഗ്‌ധനും കൗൺസലറുമായ കെ.ജി. ജയേഷ് ആണ് പദ്ധതി രൂപപ്പെടുത്തിയത്. സംസ്ഥാനത്തുടനീളം സൗജന്യമായി നടപ്പാക്കാൻ സാധിക്കുന്ന ഈ പദ്ധതിയുടെ രൂപരേഖ കെ.ജി. ജയേഷ് മന്ത്രി ആർ. ബിന്ദുവിന് നൽകി. പദ്ധതി ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടുകിടക്കുന്നതിനാൽ ആരോഗ്യമന്ത്രിയുമായി ഇതേക്കുറിച്ച് സംസാരിക്കുമെന്ന്‌ മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ ആരോഗ്യരംഗത്ത് ശ്രവണ, സംസാരശേഷി ഇല്ലാത്തവർക്കായി പ്രത്യേക കൗൺസിലിങ്‌ നിലവിലില്ല. പദ്ധതി മുന്നോട്ടുവെക്കുന്ന ഏകീകൃത ചാറ്റിങ്‌ റഫറൽസംവിധാനം നിലവിൽവന്നാൽ സേവനം പ്രയോജനപ്പെടുത്തുന്ന വ്യക്തിയുടെ സ്വകാര്യത നിലനിർത്താനും പ്രശ്‌നങ്ങൾ നേരത്തേ കണ്ടെത്തി ചികിത്സിച്ച്‌ ഗുരുതരമാകാതെ പരിഹരിക്കാനുമാകും എന്നതാണ് കെ.ജി. ജയേഷ് മുന്നോട്ടുവെച്ച പദ്ധതിയുടെ പ്രധാന പ്രത്യേകത. ഈ പദ്ധതി സംസ്ഥാനതലത്തിൽ നടപ്പാക്കുകയാണെങ്കിൽ എല്ലാവിധ സഹകരണവും വിശദമായ പരിശീലനവും നൽകാൻ തയ്യാറാണെന്നും സർക്കാർ മുൻകൈയെടുക്കുന്നപക്ഷം പദ്ധതിയെക്കുറിച്ചുള്ള പൂർണരൂപം സമർപ്പിക്കുമെന്നും ജയേഷ് മന്ത്രിയെ അറിയിച്ചു.