അതിരപ്പിള്ളി : സംസ്ഥാന പാതയായ ആനമല റോഡിൽ കുടിവെള്ള പൈപ്പിടാൻ എടുത്ത കുഴിയിൽ കാർ താഴ്ന്നു. വെറ്റിലപ്പാറ പഴയ കൃഷിഭവൻ ഭാഗത്ത് ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ചാലക്കുടി ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തിൽ പെട്ടത്.

മൂന്ന് പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ പൈപ്പുകളാണിടുന്നത്. പൈപ്പ് ഇട്ടശേഷം കുഴി കൃത്യമായി ഉറപ്പിച്ച് മൂടാത്തതിനാൽ എതിരെ വരുന്ന മറ്റ് വാഹനങ്ങൾക്ക് വഴി കൊടുക്കുന്നതിനിടയിൽ വാഹനങ്ങൾ കുഴിയിൽ താഴുന്നത് പതിവായിട്ടുണ്ട്. ചായ്പൻകുഴി-വെറ്റിലപ്പാറ റോഡിലും സമാനമായ അപകട ഭീഷണിയുണ്ട്.

റോഡരികിൽ കുടിവെള്ള പൈപ്പിടാനെടുത്ത കുഴികൾ വൃത്തിയായി മൂടണമെന്നും അപകടങ്ങൾ ഒഴിവാക്കാൻ നടപടികളെടുക്കണമെന്നും എൽ.ജെ.ഡി. അതിരപ്പിള്ളി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.