ചാലക്കുടി : ആസൂത്രണം തുടങ്ങി വർഷങ്ങൾ പിന്നിടുമ്പോഴും നഗരസഭാ പ്രദേശത്തെ അഗതികൾക്കാശ്വാസമായുള്ള പദ്ധതി കടലാസിൽ തന്നെ. കേന്ദ്ര-സംസ്ഥാന സർക്കാർ ഫണ്ടുപയോഗിച്ച് പട്ടണത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്നവർക്ക് സൗകര്യങ്ങളെത്തിക്കുന്ന അഗതിരഹിത കേരളം പദ്ധതിയാണ് നടപ്പിലാവാതെ നീളുന്നത്.

പട്ടണത്തിൽ സാമ്പത്തികമായി ഏറ്റവും പിന്നാക്കംനിൽക്കുന്ന അഗതികളായവർക്ക് പ്രതിമാസം ഭക്ഷ്യകിറ്റ്, പാർപ്പിട നിർമ്മാണത്തിനുള്ള ആനുകൂല്യങ്ങൾ, ചികിത്സാ ധനസഹായം എന്നീ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ് പദ്ധതി. ഒരു കുടുംബത്തിന് പരമാവധി 720 രൂപ വരെയുള്ള പോഷകാഹാര കിറ്റാണ് പദ്ധതി വഴി ലഭിക്കുക. കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് ലിസ്റ്റ് തയ്യാറാക്കിയതാണ്. 123 പേരാണ് അപേക്ഷകരായി ഉണ്ടായിരുന്നത്. മാനദണ്ഡങ്ങൾ പരിശോധിച്ചപ്പോൾ 56 പേരെയാണ് ഗുണഭോക്താക്കളായി കണ്ടെത്തിയത്. അർഹതപ്പെട്ട എല്ലാവരും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലെന്ന കൗൺസിലിൽ ചർച്ച വന്നു. അതോടെ അപേക്ഷകരായ 123 പേർക്കും ആനുകൂല്യം നൽകാൻ കൗൺസിൽ ഏകകണ്ഠമായി ശുപാർശ ചെയ്തു.

എന്നാൽ, ഈ ശുപാർശ പോയാൽ അർഹതപ്പെട്ടവർക്കും ആനുകൂല്യം കിട്ടാതെ വരുമെന്ന് സെക്രട്ടറിയുടെ കുറിപ്പുണ്ടായി. തുടർന്ന് ഫയൽ സർക്കാരിലേക്ക് അയയ്ക്കാതെ ചുവപ്പുനാടയിലായി. പുതിയ കൗൺസിൽ വന്നതോടെ ആദ്യ വിഷയങ്ങളിലൊന്നായി എടുത്തതാണ് അഗതിരഹിത പദ്ധതി നടപ്പിലാക്കണമെന്നത്. തുടർന്ന് കൗൺസിൽ ഏകകണ്ഠമായി പാസാക്കിയിട്ടും പദ്ധതി ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള ആളുകളുടെ ആനുകൂല്യമാണ് വൈകുന്നത്. പദ്ധതി വൈകാതെ നടപ്പിലാക്കും

നടപടിക്രമങ്ങൾ പാലിച്ച് ഫയൽ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധി മൂലമുണ്ടാകുന്ന കാലതാമസമാണ് ഇപ്പോഴുള്ളത്.അർഹതപ്പെട്ടവരുടെ ആനുകൂല്യം ഒരു കാരണവശാലും വൈകിക്കില്ല.

നിതാ പോൾ,

നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺഗുണഭോക്താക്കൾക്കുള്ള ലിസ്റ്റ്‌ തയ്യാറാക്കിയിട്ടും മറ്റു നടപടികളായില്ല

കഴിഞ്ഞ കൗൺസിലിന്റെ കാലത്തുതന്നെ ഗുണഭോക്താക്കളെ എത്രയും പെട്ടെന്ന്‌ കണ്ടെത്തി ആനുകൂല്യം ലഭ്യമാക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നതാണ്. എന്നാൽ, കഴിഞ്ഞ കൗൺസിൽ വൈകിച്ചു. ഈ കൗൺസിലിന്റെ ആദ്യ തീരുമാനങ്ങളിലൊന്നാണ് പദ്ധതി പെട്ടെന്ന് നടപ്പിലാക്കണമെന്നത്. എന്നാൽ, ആറു മാസമായിട്ടും പദ്ധതി അംഗീകരിപ്പിക്കാനായിട്ടില്ല. സമൂഹത്തിലെ താഴെ തട്ടിലുള്ളവരുടെ ആനുകൂല്യം വൈകിപ്പിക്കുന്നത് ശരിയല്ല.

വി.ജെ. ജോജി,

ചാലക്കുടി നഗരസഭ സ്വതന്ത്രാംഗം