പുതുക്കാട് : സുപ്രീംകോടതി ജഡ്‌ജിയെന്നു പറഞ്ഞ് കബളിപ്പിച്ച് 12,50,000 രൂപ തട്ടിയെടുത്തയാൾ പിടിയിൽ. കണ്ണൂർ ചിറയ്ക്കൽ പുതിയതെരു കവിതാലയത്തിൽ ജിഗീഷാ(37)ണ് പുതുക്കാട് പോലീസിന്റെ പിടിയിലായത്.
പാലിയേക്കരയിലുള്ള ക്രെയിൻ സർവീസ് സ്ഥാപനത്തിൽ വെച്ചുണ്ടായ അപകടവുമായി ബന്ധപ്പെട്ട കേസ് ഒഴിവാക്കിത്തരാമെന്നു പറഞ്ഞ് സ്ഥാപനഉടമയെ കബളിപ്പിച്ചുവെന്നാണ് കേസ്. 2019-ൽ ആയിരുന്നു കേസിനാസ്പദമായ അപകടം.
ക്രെയിന്റെ ഇരുമ്പുവടം പൊട്ടിവീണ് ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പുതുക്കാട് സ്റ്റേഷനിൽ കേസുണ്ടായിരുന്നു. കേസ് റദ്ദാക്കിത്തരാമെന്നു പറഞ്ഞ് ഒരാൾ സ്ഥാപനഉടമസ്ഥരെ സമീപിക്കുകയും തനിക്ക് പരിചയത്തിലുള്ള ഒരു സുപ്രീംകോടതി ജഡ്‌ജി എല്ലാം ശരിയാക്കിത്തരുമെന്നു പറഞ്ഞ് പരാതിക്കാരനെ വിശ്വസിപ്പിക്കുകയും ചെയ്തു.
തുടർന്ന് ടോൾ പ്ലാസയ്ക്ക് സമീപം ബെൻസ് കാറിലാണ് ജിഗീഷ് ജഡ്‌ജി ചമഞ്ഞെത്തിയത്. ആദ്യഗഡുവായി അഞ്ചരലക്ഷം നൽകാമെന്ന് ക്രെയിൻ സർവീസ് ഉടമ സമ്മതിച്ചു. എന്നാൽ, അക്കൗണ്ട് നമ്പർ ചോദിച്ചപ്പോൾ അക്കൗണ്ട് വഴി വാങ്ങുന്നത് പ്രോട്ടോകോൾ ലംഘനമാണെന്നും നേരിട്ട് തന്നാൽ മതിയെന്നും പറഞ്ഞു. തുടർന്ന് പള്ളിക്ക് മുന്നിൽവെച്ച് അഞ്ചരലക്ഷം രൂപ നേരിട്ട് നൽകി. മറ്റൊരു ദിവസം ടോൾ പ്ലാസയ്ക്ക് സമീപം ബാക്കി തുകയും കൈമാറി.
ഒരാഴ്‌ചയ്ക്കകം കേസ് റദ്ദാക്കിയതിന്റെ ഉത്തരവ് നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും ആഴ്‌ചകൾ കഴിഞ്ഞിട്ടും വിവരമൊന്നുമുണ്ടായില്ല. പരാതിക്കാരൻ ബന്ധപ്പെട്ടപ്പോൾ ജിഗീഷ് ഡൽഹിയിലാണെന്നു പറഞ്ഞ് ഒഴിഞ്ഞുമാറി. പിന്നീട് മറ്റൊരാളുടെ പേരിലുള്ള വ്യാജചെക്ക് നൽകുകയും ചെയ്തു. ബാങ്കിൽ പണമില്ലാത്തതിനാൽ ചെക്ക് മടങ്ങി. കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയ ക്രെയിൻ ഉടമ പുതുക്കാട് പോലീസിൽ പരാതി നൽകി.
വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിച്ചുവന്ന ജിഗീഷിനെ അന്വേഷണസംഘം സംസ്ഥാനത്താകെ തിരഞ്ഞു. തുടർന്നാണ് അന്നമനടയിൽ പ്രതി വാടകയ്ക്ക് താമസിക്കുന്നതായി അറിഞ്ഞത്. ചാലക്കുടി ഡിവൈ.എസ്.പി. സി.ആർ. സന്തോഷ്, പുതുക്കാട് എസ്.എച്ച്.ഒ. ടി.എൻ. ഉണ്ണികൃഷ്ണൻ, പുതുക്കാട് എസ്.ഐ. സിദ്ധിക്ക് അബ്ദുൾഖാദർ, കെ.എൻ. സുരേഷ്, പി.പി. ബാബു, ക്രൈം ഇൻവെസ്റ്റിഗേഷൻ ടീമംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, മുഹമ്മദ് റാഷി, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, സൈബർ വിദഗ്ധരായ ബിനു എം.ജെ., മനു കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് ജിഗീഷിനെ പിടികൂടിയത്.