അയ്യന്തോൾ : പടിഞ്ഞാറേ കോട്ടയിൽ വീട് വാടകയ്ക്കെടുത്ത് തമിഴ്നാട് സ്വദേശികൾക്ക് മാത്രമായി മദ്യവിൽപ്പന നടത്തിവന്നിരുന്നയാൾ പിടിയിൽ. തിരുവണ്ണാമല മമ്പാട്ടു സ്വദേശി ശെൽവ(40)മാണ് തൃശ്ശൂർ എക്സൈസിന്റെ പിടിയിലായത്. എക്സൈസ് തൃശ്ശൂർ റേഞ്ച് ഇൻസ്പെക്ടർ ടി.ആർ. ഹരിനന്ദനനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

ഇയാൾ നാലുവർഷമായി പടിഞ്ഞാറേ കോട്ടയിൽ വീട് വാടകയ്ക്കെടുത്ത് മദ്യവിൽപ്പന നടത്തുകയായിരുന്നു. ഈ വീട്ടിൽ ദിവസം 50 രൂപ നിരക്കിൽ തമിഴ്നാട് സ്വദേശികൾക്കു താമസിക്കാൻ സൗകര്യം നൽകിവരുന്നുണ്ട്. ദിവസം മുപ്പതിലധികം ആളുകൾ ഇവിടെ താമസിച്ചിരുന്നു. ഇവർക്ക് ആവശ്യമുള്ള മദ്യമാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. മലയാളികൾക്കും മറ്റ് സംസ്ഥാനക്കാർക്കും ശെൽവം മദ്യം വിൽക്കാറില്ല. 180 മില്ലിലിറ്ററിന് 200 രൂപ നിരക്കിലായിരുന്നു വിൽപ്പന. ഒരുദിവസം 20 ലിറ്ററിലധികം മദ്യം ഇവിടെ വിറ്റിരുന്നതായി എക്സൈസ് പറഞ്ഞു. വിൽപ്പനക്കുശേഷം ഇയാളുടെ കൈയ്യിൽ ഉണ്ടായിരുന്ന മൂന്നരലിറ്റർ മദ്യവും എക്സൈസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പ്രിവൻറീവ് ഓഫീസർ കെ.എം. സജീവ്, കെ.വി. രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.വി. വിശാൽ, ടി.സി. വിപിൻ, ഇർഷാദ്, ശ്രീരാഗ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.