തൃശ്ശൂർ : ചെന്നൈയിൽ നടക്കുന്ന ദേശീയ മോട്ടോർ സൈക്കിൾ റേസിങ് ചാമ്പ്യൻഷിപ്പിൽ മിന്നും പ്രകടനവുമായി തൃശ്ശൂർ സ്വദേശികളായ ആൽവിൻ സേവ്യറും അൻഫൽ അക്തറും.

എം.ആർ.എഫും മദ്രാസ് മോട്ടോർ സ്പോർട്സ് ക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച മത്സരത്തിൽ സ്റ്റോക്ക് 1-65 വിഭാഗത്തിൽ അൻഫൽ അക്തർ രണ്ടാം റൗണ്ടിൽ ആദ്യറേസിൽ ഒന്നാമതും രണ്ടാം റേസിൽ മൂന്നാമതുമെത്തി.

രണ്ടാം റൗണ്ടിലെ ആദ്യ റേസിൽ രണ്ടാംസ്ഥാനവും രണ്ടാം റേസിൽ ഒന്നാംസ്ഥാനവും ആൽവിൻ നേടി. ചെന്നൈ സ്പാർക്സ് ടീം അംഗമാണ് അരിമ്പൂർ എ.ജി. സേവ്യറുടെയും ലവ്‌ലിയുടെയും മകനായ ആൽവിൻ.

കോട്ടയം അമലഗിരി കോളേജിൽ ബി.ടെക്. കെമിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ്.

ഒല്ലൂക്കര കുന്നത്തുംകര കല്ലൂപ്പറമ്പിൽ അക്തർ ഹുസൈന്റെയും സജിതയുടെയും മകനാണ് അൻഫൽ അക്തർ. റോക്സ് സ്റ്റാർ റേസിങ് ടീം അംഗമാണ്. ഫെബ്രുവരിയിലാണ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരങ്ങൾ നടക്കുക.