അന്നനാട് : വാടകവീടുകളിൽനിന്നും വാടകവീടുകളിലേക്ക് മാറിമാറി മടുത്ത നാലു കുടുംബങ്ങൾക്ക് ഫ്രാൻസിസിന്റെ നന്മയിൽ ഇനി തലചായ്ക്കാനിടം. അന്നനാട് കോനൂപറമ്പൻ ഫ്രാൻസിസും (ജോർജ്) ഭാര്യ ലില്ലിയുമാണ് 12 സെന്റ് സ്ഥലം നാലു കുടുംബങ്ങൾക്ക് ആധാരംചെയ്തു നൽകിയത്.

ഭവനനിർമാണത്തിന് ലൈഫ് പദ്ധതിയിലുൾപ്പെടെ ഇടം കണ്ടിട്ടും ഭൂമിയില്ലാതെ വീടുനിർമാണം പ്രതിസന്ധിയിലാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഫ്രാൻസിസ് ഭൂമിയില്ലാത്ത നാലുപേർക്ക് ഭൂമി കൈമാറിയത്. 25 വർഷത്തിലധികമായി ക്ഷീരസംഘം പ്രസിഡന്റ് എന്ന നിലയിൽ പൊതുപ്രവർത്തന രംഗത്തുള്ള ഫ്രാൻസിസ്, കരാർ നിർമാണത്തോടൊപ്പം കാർഷികമേഖലയിലും സജീവമാണ്. മെഡിക്കൽ കോളജിൽ നിന്ന്‌ ഹെഡ് നഴ്‌സ് ആയി വിരമിച്ച ലില്ലിയാണ് ഭാര്യ.

20 ലക്ഷത്തിലധികം വിലവരുന്ന സ്ഥലമാണ് കൈമാറിയത്. ഭൂമി കൈമാറിയതിനൊപ്പം സുമനസ്സുകളുടെ സഹകരണത്തോടെ നാലുപേർക്കും വീടുനിർമിച്ച് നൽകുവാനും ലക്ഷ്യമിട്ടിട്ടുണ്ട്.

18-ന് വൈകീട്ട് അഞ്ചിന് സനീഷ്‌കുമാർ ജോസഫ് എം.എൽ.എ. നാല് കുടുംബങ്ങൾക്കും ആധാരം കൈമാറും. ഭവനപദ്ധതിക്ക് തുടക്കമിട്ട് കിഡ്‌നി ഫൗണ്ടേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മേൽ തറക്കല്ലിടൽ ചടങ്ങും നടത്തുമെന്ന് നിർമാണക്കമ്മിറ്റി പ്രതിനിധിയും ഗ്രാമപ്പഞ്ചായത്തംഗവുമായ മോളി തോമസ് അറിയിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ് അധ്യക്ഷയാകും.