വെള്ളാങ്ങല്ലൂർ : കോവിഡ് വ്യാപന സാഹചര്യം വിലയിരുത്താൻ ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും സംയുക്ത യോഗം ചേർന്നു.

പഞ്ചായത്തിലെ 21 വാർഡുകളിലും കർമ പദ്ധതികൾക്ക് രൂപം നൽകി. വാർഡുതല സമിതികൾ പുനഃസംഘടിപ്പിക്കണമെന്നും നടക്കുന്ന പ്രവർത്തനങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് അഭ്യർഥിച്ചു. വാർഡു തല സമിതികൾ എല്ലാ ദിവസവും യോഗം ചേരും. മൂന്നു ദിവസം കൂടുമ്പോൾ പഞ്ചായത്ത് തലത്തിൽ ഓൺലൈൻ യോഗം നടത്തും. കോവിഡ് ബാധിച്ചവർ നിരീക്ഷണത്തിൽ കഴിയുന്ന വീടുകളിൽ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ജാഗ്രതാ സമിതികൾ പരിശോധിക്കും. വീടുകളിൽ സൗകര്യം ഇല്ലാത്തവരെ ഡൊമിസിലിയറി കെയർ സെന്ററിലേക്ക് മാറ്റും.

പഞ്ചായത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നവരെ നിരീക്ഷിക്കാനും നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തി ശക്തമായ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. പ്രവർത്തനത്തിൽ കുറവുകൾ ഉണ്ടായാൽ പഞ്ചായത്ത് ഹാളിൽ പ്രവർത്തിക്കുന്ന കൺട്രോൾ സെന്ററിൽ വിവരം അറിയിക്കണം. യോഗത്തിൽ സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. ഷറഫുദ്ദീൻ, ഡോ. അജിത്ത് തോമസ്‌, ഹെൽത്ത് ഇൻസ്പെക്ടർ എ.എ. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.