കൊടുങ്ങല്ലൂർ : ശ്രീകുരുംബക്കാവിൽ അടിഞ്ഞുകൂടുന്ന മുഴുവൻ മാലിന്യങ്ങളും ദുർഗന്ധമില്ലാതെ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് സംവിധാനമൊരുങ്ങി. ഇതിനായി 20 തുമ്പൂർമുഴി മോഡൽ എയറോബിക് ബിന്നുകൾ ഉൾപ്പെടുന്ന കമ്പോസ്റ്റ് പ്ലാന്റുകൾ സ്ഥാപിച്ചു. തെക്കേനടയിൽ ചെട്ടിക്കുളത്തിന് പടിഞ്ഞാറുഭാഗത്തായി 18 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച ഷെഡ്ഡിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്.

താലപ്പൊലി, ഭരണി ആഘോഷങ്ങളിൽ ശ്രീകുരുംബക്കാവിൽ അടിഞ്ഞുകൂടുന്ന വലിയതോതിലുള്ള ജൈവമാലിന്യം നീക്കം ചെയ്യാൻ നഗരസഭയും ദേവസ്വവും ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇനിമുതൽ പ്ലാസ്റ്റിക് ഒഴികെയുള്ള മാലിന്യങ്ങൾ പ്ലാന്റിലേക്ക് മാറ്റുന്നതോടെ മാലിന്യ പ്രതിസന്ധിക്ക് പരിഹാരമാകും. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതകർമ്മസേന ശേഖരിക്കും. 30 ലക്ഷം ചെലവിൽ 20 ടോയ്‌ലറ്റുകൾ ഉൾപ്പെടുന്ന കോംപ്ലക്സിന്റെ നിർമ്മാണവും ആരംഭിച്ചിട്ടുണ്ട്.

ഇവക്കു പുറമേ ക്ഷേത്രത്തിന്റെ വടക്കേനടയിലും തെക്കേനടയിലും ഭക്തജനങ്ങൾക്ക് കുടിവെള്ളത്തിനായി വാട്ടർ എ.ടി.എമ്മുകൾ സ്ഥാപിക്കുന്നതിന് 15 ലക്ഷം രൂപയും നഗരസഭ അനുവദിച്ചിട്ടുണ്ട്. എയ്റോബിക് പ്ലാന്റ് വി.ആർ. സുനിൽകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ അധ്യക്ഷയായി. വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, സ്ഥിരം സമിതി ചെയർമാൻമാരായ എൽസി പോൾ, ലതാ ഉണ്ണികൃഷ്ണൻ, കൗൺസിലർമാരായ ടി.എസ്. സജീവൻ, വി.എം. ജോണി എന്നിവർ പ്രസംഗിച്ചു.