ചാലക്കുടി : ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് വൻതോതിൽ താഴുന്നു. കരുതലെടുത്തില്ലെങ്കിൽ പുഴത്തടം കനത്ത ജലക്ഷാമത്തിലേക്കെത്തുമെന്നാണ് സൂചന. ഇതിനകം പുഴത്തടത്തിലെ പല പ്രദേശങ്ങളിലും കൃഷിയിടങ്ങൾ ഉണങ്ങിത്തുടങ്ങി. കനാൽവെള്ളം വിട്ടുതരണമെന്ന ആവശ്യവും നിരന്തരം ഉയരുന്നു.

കേരള ഷോളയാറിലേക്ക് വേനൽക്കാലത്തേക്കുള്ള ജലലഭ്യത കുറഞ്ഞതാണ് പുഴത്തടത്തെ രൂക്ഷമായ ജലദൗർലഭ്യത്തിലേക്ക് തള്ളിവിടുന്നത്.

പറമ്പിക്കുളം ആളിയാർ കരാർപ്രകാരം ഒരു ജലവർഷത്തിൽ (ജൂലായ് ഒന്നുമുതൽ ജൂൺ 30 വരെ) 348 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് കേരളത്തിന് ഉപയോഗിക്കാൻ കഴിയുക. ഷോളയാറിൽനിന്ന്‌ സാധാരണ മഴക്കാലങ്ങളിൽ വൈദ്യുതി ഉത്‌പാദനം പരിമിതപ്പെടുത്തി മഴയ്ക്കു ശേഷമുള്ള മാസങ്ങളിൽ ജലം ലഭ്യമാക്കാനാണ് ശ്രമിക്കാറുള്ളത്. ഈ വർഷം പതിവിനു വിപരീതമായി ജലവർഷം ആരംഭിക്കുന്ന ജൂലായ് ഒന്നിനു തന്നെ സാധാരണയിലും കൂടുതൽ ജലശേഖരം ഉണ്ടായി. അതോടൊപ്പം സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ ഉയർന്ന മഴ ലഭിച്ചതോടെ വെള്ളപ്പൊക്കം ഒഴിവാക്കാനായി കൂടുതൽ വൈദ്യുതി ഉത്‌പാദിപ്പിക്കേണ്ടിവന്നു. ഇതോടെ നവംബർ 30-നുള്ളിൽ ആകെ വിഹിതത്തിന്റെ പകുതിയോളം ഉപയോഗിച്ചുതീർത്തു. ഇതോടെയാണ് തുടർന്നുള്ള മാസങ്ങളിൽ ജലലഭ്യത തീരെ കുറയുന്ന സ്ഥിതിയായത്. പ്രതിസന്ധി വന്നതോടെ വേനൽ രൂക്ഷമാകുന്ന കാലത്തേക്ക് ജലം ശേഖരിക്കാനായി ഡിസംബറിലും ജനുവരിയിലും കുറഞ്ഞ അളവിലാണ് വൈദ്യുതി ഉത്‌പാദനം നടക്കുന്നത്. അതോടെ പെരിങ്ങൽക്കുത്തിലും കുറഞ്ഞ അളവിൽ മാത്രമേ ഇപ്പോൾ വൈദ്യുതി ഉത്‌പാദിപ്പിക്കുന്നുള്ളൂ.

ജനുവരിയിൽ ആദ്യ ഒമ്പതു ദിവസങ്ങളിൽ കേരള ഷോളയാറിൽനിന്ന്‌ പ്രതിദിനം ശരാശരി 0.8 ദശലക്ഷം ഘനമീറ്ററും പെരിങ്ങലിൽനിന്ന്‌ 0.96 ദശലക്ഷം ഘനമീറ്ററും വെള്ളമാണ് ലഭ്യമായിട്ടുള്ളത്. ഇതിൽത്തന്നെ കൂടുതലും ഉപഭോഗം കൂടിയ വൈകുന്നരങ്ങളിൽ വൈദ്യുതി ഉത്‌പാദിപ്പിച്ചാണ് പുറത്തുവിടുന്നത്. ഇത് പുഴയിൽ ജലനിരപ്പു കൂടുതൽ കുറയുന്നതിന് കാരണമായി.