ഇരിങ്ങാലക്കുട : കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി നിലനിൽക്കുന്ന ജനാഭിമുഖ കുർബാന തുടരണമെന്നാവശ്യപ്പെട്ട് നിവേദനവുമായി വൈദികർ. ഇരിങ്ങാലക്കുട രൂപതയിലെ 184 വൈദികർ ഒപ്പിട്ട നിവേദനം സിറോ മലബാർ സിനഡിന് സമർപ്പിച്ചു. ഫാ. ജോൺ കവലക്കാട്ടിന്റെ നേതൃത്വത്തിൽ ലിറ്റർജിക്കൽ ആക്ഷൻ കമ്മിറ്റിയാണ് നിവേദനം സമർപ്പിച്ചിരിക്കുന്നത്.

രൂപതയിലെ 138 ഇടവകകളിൽ ഇപ്പോൾ 15 ഇടവകകളിൽ മാത്രമാണ് സിനഡൽ രീതിയിലുള്ള വിശുദ്ധ ബലി അർപ്പിക്കുന്നതെന്ന് ഫാ. ജോൺ കവലക്കാട്ട് നിവേദനത്തിൽ അവകാശപ്പെട്ടു. ബാക്കിയുള്ള 123 ഇടവകകളിലും ജനാഭിമുഖ ബലിയർപ്പണമാണ് തുടരുന്നത്. അത് തുടരാൻ തന്നെയാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും വൈദികർക്കുവേണ്ടി ഫാ. ജോൺ കവലക്കാട്ട് വ്യക്തമാക്കി.

ഏകീകൃത ബലിയർപ്പണരീതി രൂപതയിലെ വൈദികരുടെ ഇടയിലും ജനങ്ങൾക്കിടയിലും ഉണ്ടാക്കിയ അസ്വസ്ഥതകളും ഭിന്നതകളും പെട്ടന്ന് പരിഹരിക്കപ്പെടാവുന്നതല്ല. അതിനാൽ ജനാഭിമുഖ ബലിയർപ്പണരീതി തുടരാനുള്ള അനുവാദം രൂപതയ്ക്ക് നൽകണമെന്ന് നിവേദനത്തിൽ പറയുന്നു. ഈ രീതി സിറോ മലബാർ സഭയുടെ ഔദ്യോഗിക രീതിയാക്കി പ്രഖ്യാപിക്കണമെന്നും ഫാ. ജോൺ കവലക്കാട്ട് നിവേദനത്തിൽ ആവശ്യപ്പെട്ടു.

ജനാഭിമുഖ കുർബാന, ജനങ്ങളുടെ ആവശ്യം എന്ന ആപ്തവാക്യവുമായി അല്‌മായ മുന്നേറ്റവും ഇതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഫാ. ജോൺ കവലക്കാട്ട് വ്യക്തമാക്കി.