തൃശ്ശൂർ : ജില്ലയിൽ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 1,389 പേർക്ക്. പോസിറ്റിവിറ്റിനിരക്കും ജില്ലയിൽ ഉയരുകയാണ്. വെള്ളിയാഴ്ച 21.33 ആണ് പോസിറ്റിവിറ്റി നിരക്ക്. വ്യാഴാഴ്ച ഇത് 18.48 ശതമാനം ആയിരുന്നു.

ജനുവരി തുടക്കത്തിൽ നാലു ശതമാനത്തിൽ താഴെയായിരുന്ന പോസിറ്റിവിറ്റി നിരക്കാണ് ഇപ്പോൾ കുത്തനെ ഉയർന്നത്. കോവിഡ് ബാധിച്ചവരുടെ എണ്ണത്തിലും വർധനയാണ്. ജനുവരി മൂന്നിന് 188 രോഗികളാണ് ഉണ്ടായിരുന്നത്. 3.3 ശതമാനമായിരുന്നു അന്നത്തെ പോസിറ്റിവിറ്റി .

ജനുവരി പത്ത് ആയപ്പോഴേക്കും പോസിറ്റിവിറ്റി നിരക്ക് 11.91 ആയി. രോഗികളുടെ എണ്ണം 389 ആയി. വ്യാഴാഴ്ചയും രോഗികളുടെ എണ്ണം ആയിരം കടന്നിരുന്നു.

പ്രതിരോധനടപടിയായി വാക്സിൻവിതരണം അധികൃതർ വ്യാപകമാക്കുന്നുണ്ട്്. 91,320 കുട്ടികളാണ് ജില്ലയിൽ ഇതുവരെ കോവിഡ് പ്രതിരോധവാക്സിൻ സ്വീകരിച്ചത്. 18,826 പേർ ബൂസ്റ്റർ ഡോസ്‌ വാക്സിൻ സ്വീകരിച്ചു.

ജില്ലയിൽ വെള്ളിയാഴ്ച സമ്പർക്കംവഴി 1,359 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിനു പുറത്തുനിന്ന്‌ വന്ന പത്തുപേർക്കും ആരോഗ്യപ്രവർത്തകരായ 14 പേർക്കും ഉറവിടം അറിയാത്ത ആറുപേർക്കും സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ ഇതുവരെ ആകെ 39,50,823 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

ഡോക്ടർക്ക് കോവിഡ് ലക്ഷണം: വാക്സിനേഷൻ ചുമതല വഹിച്ച് ജില്ലാ പ്രോഗ്രാം ഓഫീസർ

മുളങ്കുന്നത്തുകാവ് : കുത്തിവെപ്പെടുക്കുന്നതിന് ചുമതലയുള്ള ഡോക്ടർക്ക് കോവിഡ് ലക്ഷണങ്ങൾ കണ്ടതോടെ വാക്സിനേഷൻ ചുമതല വഹിച്ചത് ജില്ലാ പ്രോഗ്രാം ഓഫീസർ. പകരം ചുമതല വഹിക്കാൻ ഡോക്ടർമാരെ കിട്ടാതായതോടെയാണ് എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. രാഹുൽ ആരോഗ്യകേന്ദ്രത്തിലെത്തി ചുമതലയേറ്റെടുത്തത്.

മുളങ്കുന്നത്തുകാവ് ഗ്രാമപ്പഞ്ചായത്തിലെ പൂമല കുടുംബാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറായ ഡോ. ബാലകൃഷ്ണൻ അസുഖംമൂലം രണ്ടാഴ്ച അവധിയിലാണ്. പകരം ചുമതലയുള്ള ഡോ. ബിനിതയ്ക്ക് വ്യാഴാഴ്ച രാത്രി രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് പെട്ടെന്ന് അവധിയിൽ പോകേണ്ടിവന്നു.

വെള്ളിയാഴ്ച കോവിഡ് വാക്സിനേഷൻ നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ആരോഗ്യകേന്ദ്രത്തിൽ വെള്ളിയാഴ്ച വാക്സിൻ നൽകുമെന്ന് പഞ്ചായത്തിലെ വിവിധ വാർഡുകളിലേക്ക് വിവരവും നൽകിയിരുന്നു. ഡോക്ടറുടെ നിരീക്ഷണമില്ലാതെ കുത്തിവെപ്പെടുക്കാനാവില്ലെന്നത് ആരോഗ്യപ്രവർത്തകരെ കുഴക്കി. ഹെൽത്ത് ഇൻസ്പെക്ടർ മനോജ്, പഞ്ചായത്ത് പ്രസിഡന്റ് ബൈജു ദേവസി എന്നിവർ ഡി.എം.ഒ.യുമായി ബന്ധപ്പെട്ടെങ്കിലും ഡോക്ടർമാരുടെ കുറവുമൂലം പകരം ആളെ കിട്ടിയില്ല. ഇതോടെയാണ് ഡോ. രാഹുൽ സ്വയം സന്നദ്ധനായെത്തിയത്.

150 പേർ രാവിലെതന്നെ വാക്സിനെടുക്കാൻ ആരോഗ്യകേന്ദ്രത്തിലെത്തിയിരുന്നു. മുക്കാൽ മണിക്കൂർ വൈകിയാണ് കുത്തിവെപ്പ് തുടങ്ങിയതെങ്കിലും എല്ലാവർക്കും വാക്സിൻ നൽകി. കോവിഡ് ബാധിതയായതുമൂലം ഏഴുദിവസം അവധിയിലായ ആരോഗ്യകേന്ദ്രത്തിലെ ഡോക്ടർക്ക് പകരം ശനിയാഴ്ച മുതൽ ഒരു ഡോക്ടറെ അയക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചതായും കുത്തിവെപ്പ് മുടങ്ങില്ലെന്നും ആരോഗ്യപ്രവർത്തകർ അറിയിച്ചു.