തൃശ്ശൂർ: ഔഷധസസ്യങ്ങൾ കൃഷിചെയ്താൽ വിൽക്കാൻ ആയുർവേദ കമ്പനിക്കാരെ മാത്രം ആശ്രയിക്കേണ്ടുന്ന സ്ഥിതിക്ക് മാറ്റം വരുത്താൻ സർക്കാർ. ഔഷധസസ്യ ബോർഡാണ് ഇതിന് പദ്ധതിയുമായി എത്തിയിരിക്കുന്നത്. വിളവ് ഭക്ഷണത്തിനുപയോഗിക്കാവുന്ന രൂപത്തിലാക്കാനുള്ള സഹായമാണ് കർഷകർക്ക് നൽകുക. കൃഷിച്ചെലവിന് സബ്‌സിഡിയും നൽകും. സൗന്ദര്യവർധക വസ്തുക്കളുണ്ടാക്കാനുള്ള സഹായവും ഇതിലുണ്ടാവും. കുടുംബശ്രീകൾക്കാണ് പദ്ധതി കുടുതൽ പ്രയോജനപ്പെടുക.

ചുരുങ്ങിയത് അഞ്ചുസെന്റ് എങ്കിലുമുള്ള അങ്കണവാടികൾക്കും നാട്ടുകാരുടെ സഹകരണത്തോടെ ഔഷധ സസ്യകൃഷി ചെയ്യാനുള്ള സബ്‌സിഡി നൽകാനും പദ്ധതിയുണ്ട്. കൃഷി ചെയ്യാവുന്ന ഔഷധസസ്യങ്ങളും അവയുടെ സബ്‌സിഡിയും ഇങ്ങനെ:- ആടലോടകം, നെല്ലി, ആര്യവേപ്പ്, കിരിയാത്ത, തിപ്പലി, ശതാവരി, കാട്ടുപനിക്കൂർക്ക, കറ്റാർവാഴ, കച്ചോലം, കുറുന്തോട്ടി, തുളസി എന്നിവയ്ക്ക് 30 ശതമാനം സബ്‌സിഡി നൽകും.

അശോകം, കൂവളം, ചെത്തിക്കൊടുവേലി, കുമിഴ്, ഓരില, വേങ്ങ എന്നിവയ്ക്ക് 50 ശതമാനമാണ് സബ്‌സിഡി. ചന്ദനം, രക്തചന്ദനം എന്നിവയ്ക്ക് 75 ശതമാനം സബ്‌സിഡിയും നൽകും.

മുരിങ്ങയില ദോശക്കൂട്ടും പ്രമേഹക്കഞ്ഞിക്കൂട്ടും

ഔഷധസസ്യങ്ങൾ വിളവെടുത്താൽ അവയെ എങ്ങനെ മൂല്യവർധിത ഉത്പന്നമാക്കാം എന്നതിനുവേണ്ട സഹായങ്ങൾ ഔഷധസസ്യ ബോർഡ് നൽകും. മുരിങ്ങയില ചേർത്ത ദോശക്കൂട്ട്, പ്രമേഹ കഞ്ഞിക്കൂട്ട്, ഔഷധ ഇലകൾ ചേർത്ത ബിസ്‌കറ്റ്, ബജി ഉണ്ടാക്കാനുള്ള പൊടികൾ, ശതാവരി കൊണ്ടുള്ള അച്ചാർ,

കൂവളക്കായ കൊണ്ടുള്ള ജ്യൂസ്, അശോകപ്പൂവു കൊണ്ടുള്ള ജ്യൂസ്, ആര്യവേപ്പിന്റെ പൂവു കൊണ്ടുള്ള ലഘുഭക്ഷണം തുടങ്ങിയവ ഉണ്ടാക്കാനുള്ള സാങ്കേതിക സഹായമാണ് നൽകുക.

തുളസി കൊണ്ടുള്ള പൊടി, കറ്റാർവാഴ എന്നിവ കൊണ്ടുള്ള സൗന്ദര്യവർധക വസ്തുക്കൾ ഉണ്ടാക്കാനും സഹായിക്കും. വേങ്ങയുടെ തടികൊണ്ട്, വെള്ളം കുടിക്കാനുള്ള പാത്രം ഉണ്ടാക്കി വിൽക്കാമെന്നും ഔഷധസസ്യബോർഡ് പറയുന്നു. പ്രമേഹരോഗികൾക്ക് ഇത് പ്രയോജനകരമാണ്. ബന്ധപ്പെടേണ്ട നമ്പർ-04872323151.