ഇരിങ്ങാലക്കുട : കോവിഡ് വ്യാപനം നിയന്ത്രണവിധേയമായിട്ടും അതിനിയന്ത്രണം ഒഴിവാകാതെ ഇരിങ്ങാലക്കുട നഗരസഭാപരിധി. അതിനിയന്ത്രണവും ട്രിപ്പിൾ ലോക്ഡൗണുമൊക്കെയായി പ്രദേശം 27 ദിവസമായി അടച്ചിട്ടിരിക്കുകയാണ്. ജൂലായ് 19-നാണ് നഗരസഭാപ്രദേശം അതിനിയന്ത്രിത മേഖലയിലാക്കിയത്.
കഴിഞ്ഞ ദിവസങ്ങളിൽ നഗരസഭാ പരിധിയിൽ കോവിഡ് റിപ്പോർട്ടു ചെയ്തിട്ടില്ല. പ്രദേശം പൂർണമായും അടച്ചിട്ടതുകൊണ്ടാണ് രോഗവ്യാപനം നിയന്ത്രണ വിധേയമായതെന്ന് ആരോഗ്യവിഭാഗവും പോലീസും പറഞ്ഞു. കെ.എസ്.ഇ., കെ.എൽ.എഫ്., ഇരിങ്ങാലക്കുട ക്ലസ്റ്ററുകളിൽ രേഖപ്പെടുത്തുന്ന രോഗികളുടെ എണ്ണത്തിലും നഗരസഭ പരിധിയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.
എന്നാൽ രോഗികളുടെ എണ്ണത്തിലും രോഗവ്യാപനത്തിലും കുറവുണ്ടായിട്ടും പഴയ മുനിസിപ്പൽ പ്രദേശം തുറക്കാത്തതിൽ വ്യാപാരിസമൂഹം പ്രതിഷേധത്തിലാണ്. കോവിഡ് വ്യാപനം തടയുന്നതിനുള്ള സർക്കാർ നടപടികളോട് വ്യാപാരികൾ എന്നും സഹകരിച്ചിട്ടുണ്ടെന്നും എന്നാൽ രോഗവ്യാപനം കുറഞ്ഞിട്ടും നിയന്ത്രണം തുടരുന്നത് വലിയ വെല്ലുവിളിയാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജകമണ്ഡലം ചെയർമാൻ എബിൻ വെള്ളാനിക്കാരൻ പറഞ്ഞു. കച്ചവടസ്ഥാപനങ്ങൾക്ക് ഭീമമായ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മൂന്നുമുതൽ 150 വരെ ജീവനക്കാർ ഓരോ കടയിലും ഉണ്ട്. ഇരിങ്ങാലക്കുട മുനിസിപ്പൽ പ്രദേശത്ത് ഏകദേശം രണ്ടായിരം കടകളുണ്ട്. ഇവയിൽ പതിനായിരത്തോളം തൊഴിലാളികളുണ്ട്. ഇവരെല്ലാം വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്, തിങ്കളാഴ്ച ധർണ
ഇരിങ്ങാലക്കുട : കോവിഡ് രോഗികളില്ലാത്ത പ്രദേശങ്ങളിലെ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രക്ഷോഭത്തിനൊരുങ്ങുന്നു. രോഗവ്യാപനം ഉണ്ടാകുന്ന വാർഡുകളിൽ രോഗികൾ ഉള്ള പ്രദേശത്തെ മൈക്രോ കണ്ടെയിൻമെന്റ് സോണാക്കി തിരിച്ച് മറ്റുഭാഗങ്ങളിലെ വ്യാപാരസ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അവസരം നൽകണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം ഇവിടെ പാലിക്കപ്പെട്ടില്ല.
ഇരിങ്ങാലക്കുടയിലെ എല്ലാ ജനപ്രതിനിധികൾക്കും മേലുദ്യോഗസ്ഥർക്കും പരാതികൾ നൽകിയിട്ടും വ്യാപാരസ്ഥാപനങ്ങൾ തുറക്കുന്നതിനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വ്യാപാരസ്ഥാപനങ്ങൾ തുറക്കാൻ അനുവദിച്ചില്ലെങ്കിൽ തിങ്കളാഴ്ച രാവിലെ പത്തിന് സിവിൽ സ്റ്റേഷനു മുന്നിൽ ധർണ നടത്തുമെന്ന് വ്യാപാരികൾ പറഞ്ഞു.
യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് എബിൻ വെള്ളാനിക്കാരൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഷാജു പാറേക്കാടൻ, ഭാരവാഹികളായ ബാലസുബ്രഹ്മണ്യൻ, വി.കെ. അനിൽകുമാർ, കെ.എസ്. ജാക്‌സൻ, മണി മേനോൻ, ഡീൻ ഷാഹിദ് എന്നിവർ പങ്കെടുത്തു.