ആമ്പല്ലൂർ : കെട്ടിടത്തിൽ അതിക്രമിച്ച് കയറിയയാളെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ ചവിട്ടേറ്റ സുരക്ഷാജീവനക്കാരൻ വീണുമരിച്ചു. പ്രതി കസ്റ്റഡിയിൽ.

ആമ്പല്ലൂരിലെ സ്വകാര്യ കെട്ടിടത്തിലെ ജീവനക്കാരൻ മണലി മച്ചാടൻ വീട്ടിൽ സുബ്രഹ്മണ്യനാണ് (74) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇടുക്കി കുമളി സ്വദേശി മൈലമണ്ണിൽ അയ്യപ്പൻകുട്ടി (56)യെ പുതുക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച രാത്രി 8.15-നായിരുന്നു സംഭവം. കെട്ടിടത്തിൽ കയറിക്കിടന്ന അയ്യപ്പൻകുട്ടിയെ പുറത്താക്കാൻ ശ്രമിക്കുന്നതിനിടെ സുബ്രഹ്മണ്യനെ ആക്രമിക്കുകയായിരുന്നു. ചവിട്ടേറ്റ സുബ്രഹ്മണ്യൻ വീഴുമ്പോൾ തല കല്ലിൽ ഇടിച്ചു. തൽക്ഷണം മരിക്കുകയും ചെയ്തു. സംഭവമറിഞ്ഞ നാട്ടുകാർ പ്രതിയെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചു.

സുബ്രഹ്മണ്യന്റെ മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ഭാര്യ: അമ്മിണി. മക്കൾ: ബിന്ദു, ജയ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ശശി, ബിജി, പരേതനായ ചന്ദ്രൻ.