തൃശ്ശൂർ : ടൗൺ ഹാളിലെ വേദിയിൽ പട്ടയം ഏറ്റുവാങ്ങി മന്ത്രിയോട് ചേർന്നുനിന്ന് പടമെടുക്കുമ്പോൾ പലരുടെയും കണ്ണുനിറഞ്ഞു. ജീവിച്ചിരിക്കുമ്പോൾ നടക്കില്ലെന്നു കരുതിയ ആഗ്രഹം നടന്നുകിട്ടിയ സന്തോഷം. അതായിരുന്നു അവർ 24 പേരുടെയും മുഖത്ത്.

വേദിക്കു പുറത്ത് റവന്യൂവകുപ്പ് സജ്ജീകരിച്ച പ്രത്യേക പവിലിയനുകളിലെത്തി സ്വന്തം ഭൂമിയെന്ന രേഖ സ്വന്തമാക്കിയവരുടെ മുഖത്തും സന്തോഷം.

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിലെ സംസ്ഥാനതല പട്ടയമേളയുടെ ജില്ലാതല വിതരണമാണ് ടൗൺ ഹാളിൽ നടന്നത്. ജില്ലയിൽ വിതരണം ചെയ്ത പട്ടയങ്ങളിൽ 270 എണ്ണം വനഭൂമിപട്ടയങ്ങളാണ്.

ജില്ലാതല ഉദ്ഘാടനങ്ങൾക്കുശേഷം മന്ത്രിമാരായ കെ. രാജൻ, കെ. രാധാകൃഷ്ണൻ, ആർ. ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ വേദിയിൽ തൃശ്ശൂർ താലൂക്കിലെ 24 പട്ടയങ്ങൾ വിതരണം ചെയ്തു. തുടർന്ന് ടൗൺ ഹാളിന് പുറത്തെ പവിലിയനുകളിൽ ജില്ലാ കളക്ടർ ഹരിത വി. കുമാറിന്റെ നേതൃത്വത്തിൽ താലൂക്കിലെ ബാക്കിയുള്ളവർക്ക് പട്ടയം നൽകി. എട്ട് വിഭാഗങ്ങളിലായാണ് ജില്ലയിൽ പട്ടയവിതരണം നടന്നത്.