തിരുവില്വാമല : ഭാരത ജനതയ്ക്കാവശ്യമായ വിഷയങ്ങളിൽ സത്വര നടപടികളെടുക്കുന്ന സർക്കാരാണ് കേന്ദ്രത്തിലുള്ളതെന്ന് സുരേഷ് ഗോപി എം.പി.. കാശ്മീർ പ്രശ്നമായാലും കർഷകസമരമായാലും ഏതു വിഷയങ്ങളിലും ജനതയ്ക്കാവശ്യമായതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നർക്കോട്ടിക്ക് ജിഹാദുമായി ബന്ധപ്പെട്ട് ആരെങ്കിലും എന്നെ വിളിപ്പിച്ചാൽ ചെല്ലുമെന്നും വിഷയം എത്തിക്കേണ്ടടുത്ത് എത്തിക്കുമെന്നും എം.പി. പറഞ്ഞു.

വി.കെ.എന്നിന്‍റെ പാമ്പാടിയിലെ വടക്കേക്കൂട്ടാല പുതിയ വീടിന്‍റെ പുരയിടത്തിൽ ഒരു കോടി കേരവൃക്ഷം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തെങ്ങിൻ തൈ നട്ട് എം.പി. നിർവഹിച്ചു. തിരുവില്വാമലയിൽ 1001 തെങ്ങിൻ തൈകളാണ് വിതരണം ചെയ്തത്. ബി.ജെ.പി. ചേലക്കര നിയോജക മണ്ഡലം പ്രസിഡൻറ് പി.ആർ. രാജ്കുമാർ അധ്യക്ഷത വഹിച്ചു.

ബി.ജെ.പി. ജില്ലാ പ്രസിഡൻറ് അഡ്വ.കെ.കെ. അനീഷ് കുമാർ, തിരുവില്വാമല ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് സ്മിതാ സുകുമാരൻ, വൈസ് പ്രസിഡൻറ് കെ.ബാലകൃഷ്ണൻ, പി.എസ്. കണ്ണൻ, ടി.സി. പ്രകാശൻ, അജിത്ത് കുമാർ ചീരാത്ത് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് തിരുവില്വാമല പഞ്ചായത്ത് പ്രസിഡൻറിനെയും വൈസ് പ്രസിഡൻറിനെയും കുത്താമ്പുള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെയും ആദരിച്ചു. വില്വാദ്രിനാഥ ക്ഷേത്രവും തണൽ ബാലാശ്രമവും സുരേഷ് ഗോപി സന്ദർശിച്ചു.

'ഒരു കോടി കേരവൃക്ഷം കേരളത്തിന് '

കേന്ദ്ര നാളികേര വികസന ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട രാജ്യസഭാ എം.പി. സുരേഷ് ഗോപി ‘ഒരു കോടി കേര വൃക്ഷം കേരളത്തിന്’ പദ്ധതി അവതരിപ്പിച്ചു. കേരളത്തിന്‍റെ തനത് നാടൻ ഇനങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഒരു വീട്ടിൽ ഒരു തെങ്ങെങ്കിലും നട്ടുപിടിപ്പിച്ച് പരിപാലിക്കലാണ് പദ്ധതി. കേരളത്തിന്‍റെ അതിർത്തി പ്രദേശത്തെ മണ്ണുകൾ പരിശോധനയ്ക്കെടുത്ത് കുറ്റ്യാടി പോലെയുള്ള ഇനങ്ങൾ അവിടെയും പ്രോത്സാഹിപ്പിക്കും. വീടുകളിലെ കന്നിമൂലയിൽ ഒരു മാവ് നട്ട്പിടിപ്പിച്ച് ചക്കയെയും പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിക്കുന്നതായും എം.പി പറഞ്ഞു.