ഉണ്ണികൃഷ്ണൻ കല്ലൂർ

ഗുരുവായൂർ

: തീർഥാടകർക്ക് അന്തർദേശീയ നിലവാരത്തിലുള്ള വമ്പൻ സൗകര്യങ്ങൾ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് ഗുരുവായൂരിൽ. എന്നാൽ പാവപ്പെട്ട ഭക്തർക്ക് ചുരുങ്ങിയ ചെലവിൽ താമസിക്കാനുള്ള പാഞ്ചജന്യം അനക്‌സ് 12 വർഷത്തിലേറെയായി അസ്ഥിപഞ്ജരമായാണ് നിൽപ്പ്‌. നിയമതടസ്സങ്ങളോ വിവാദങ്ങളോ ഇല്ല, ചെറുതായൊന്ന് മനസ്സുവെച്ചാൽ മാത്രം മതി കെട്ടിടം ഉയരാൻ.

പാഞ്ചജന്യം ഗസ്റ്റ് ഹൗസിനു പടിഞ്ഞാറാണ് നിർമാണം പാതിവഴിയിലായ അനക്‌സ്. 2008 മാർച്ചിലാണ് തറക്കല്ലിട്ടത്. അഞ്ചു നിലകളിലായി 58 മുറികൾ. ഏറ്റവും താഴെ എട്ട് കടമുറികൾ. രണ്ടുകോടി രൂപയായിരുന്നു പദ്ധതിത്തുക. കോഴിക്കോടുള്ള കരാറുകാരനെയാണ് ഏല്പിച്ചിരുന്നത്. ഒരു വർഷത്തിനകം പൂർത്തിയാക്കാൻ വേണ്ടി പണികൾ വേഗത്തിലാക്കി. പക്ഷേ, നിർമാണം മുന്നോട്ടുപോയില്ല. ഇതോടൊപ്പം തറക്കല്ലിട്ട ശ്രീവത്സം അനക്‌സ് പണികൾ പൂർത്തിയാക്കി രണ്ടു വർഷം കഴിഞ്ഞ് തുറന്നുകൊടുക്കുകയും ചെയ്തു. പിന്നീട് ദേവസ്വം ഭരണസമിതികൾ പലതും മാറി. ഇതിനിടയിൽ കരാറുകാരനെ മാറ്റി. എന്നാൽ പഴയ തുകയ്ക്ക് നിർമാണം പൂർത്തിയാക്കാനാകില്ലെന്നു പറഞ്ഞ് അവരും നിർത്തിപ്പോയി. കുറഞ്ഞ വാടകയിൽ പാഞ്ചജന്യവും കൗസ്തുഭവും ഗുരുവായൂരിലെത്തുന്ന ഭക്തർ താമസത്തിന് ആദ്യം പരിഗണിക്കുന്നത് ദേവസ്വത്തിന്റെ പാഞ്ചജന്യം, കൗസ്തുഭം ഗസ്റ്റ് ഹൗസുകളാണ്. ചുരുങ്ങിയ ചെലവുമാത്രമേയുള്ളൂ എന്നതുകൊണ്ടാണത്.

കൗസ്തുഭം:രണ്ട്‌ കിടക്കകളുള്ള മുറി- 300 രൂപ, നാല്‌ കിടക്കമുറി -600 രൂപ, ആറ്‌ കിടക്കമുറി- 800. പാഞ്ചജന്യം: മൂന്ന്‌ കിടക്കമുറി- 600, അഞ്ച്‌ കിടക്കമുറി- 800, മൂന്ന്‌ കിടക്കമുറി (എ.സി.)- 1200. ഇല്ലാതായത് ചുരുങ്ങിയ ചെലവിൽ താമസിക്കാനുള്ള സൗകര്യം