ഭർത്താവിനെ അറസ്റ്റ് ചെയ്തു

അതിരപ്പിള്ളി : വാഴച്ചാൽ വനമേഖലയിൽ മരിച്ചനിലയിൽ കണ്ടെത്തിയ ആദിവാസി യുവതിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞു. ആനപ്പാന്തം കോളനിയിലെ പൊന്നപ്പന്റെ ഭാര്യ പഞ്ചമി (29)യെയാണ് വാഴച്ചാലിനും പൊകലപ്പാറയ്ക്കും മധ്യേ കരടിപ്പാറ വനമേഖലയിലെ താത്‌കാലിക ഷെഡ്ഡിൽ മരിച്ചനിലയിൽ തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് പൊന്നപ്പനെ (31) അതിരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു.

യുവതിയുടെ തലയിലും ദേഹത്തും നിരവധിയിടങ്ങളിൽ മുറിവേറ്റിട്ടുണ്ട്. ആയുധംകൊണ്ടുള്ള ആക്രമണത്തിൽ മുറിവേറ്റതാണ് മരണകാരണം. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലാണ് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തത്. ഞായറാഴ്ച രാത്രി വാഴച്ചാലിൽ വച്ച് മദ്യലഹരിയിൽ ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുണ്ടായി. പൊന്നപ്പൻ പഞ്ചമിയെ മർദിച്ചതായും മറ്റ് ആദിവാസികൾ പറയുന്നുണ്ട്. ദീപക് (വാഴച്ചാൽ എൽ.പി. സ്‌കൂൾ), ജിത്തു, ദീപ്തി എന്നിവരാണ് ഇവരുടെ മക്കൾ.