തൃശ്ശൂർ : മഴ കുറഞ്ഞെങ്കിലും കോൾപ്പാടങ്ങളിലെ വെള്ളം ഒഴിയുന്നില്ല. പുറംചാലുകൾ നിറഞ്ഞുനിൽക്കുന്നതാണ് വെള്ളം ഒഴിയാൻ താമസം നേരിടുന്നത്. ഇത് നഷ്ടം കൂട്ടുമെന്ന് കർഷകർ പറയുന്നു. പുല്ലഴി, മണിനാടൻ, ചേറ്റുപുഴ പടിഞ്ഞാറേ പാടം, കുറുങ്ങേരിപ്പടവ് എന്നിവിടങ്ങളിൽ കൃഷിനാശമുണ്ടായി. തോളൂർ കൃഷിഭവന്‌ കീഴിലെ 420 ഹെക്ടർ കൃഷിയാണ് മുങ്ങിയത്. കൃഷിനാശം ഉണ്ടായ സ്ഥലങ്ങളിൽ കൃഷിവകുപ്പ് അധികൃതർ എത്തി.

പുല്ലഴി കോൾപ്പാടത്ത് 70 ഏക്കർ കൃഷിയാണ് പൂർണമായും നശിച്ചത്. 30 ഏക്കർ ഭാഗികമായും നശിച്ചു. കഴിഞ്ഞ മഴയ്ക്കും ഇവിടെ കൃഷിനാശം ഉണ്ടായിരുന്നു. തുടർന്ന് രണ്ടാമത് വിതച്ച വിത്താണ് ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നത്.

കൃഷി ഓഫീസർ സ്ഥലം പരിശോധിച്ചു. മണിനാടൻ കോൾപ്പടവിൽ 70 ഏക്കറിനുള്ള വിത്ത് വിതച്ചതാണ് നഷ്ടപ്പെട്ടത്. 2200 കിലോ വിത്താണ് വിതച്ചത്. 82 ഏക്കറാണ് ഈ കോൾപ്പാടം.

ചേറ്റുപുഴ പടിഞ്ഞാറേ പാടത്ത് 20 ഏക്കർ കൃഷിയാണ് നശിച്ചത് എന്നറിയുന്നു. പാടം വറ്റിക്കാൻ കർഷകർ ശ്രമിക്കുന്നുണ്ടെങ്കിലും സാവധാനത്തിലാണ് വെള്ളം ഒഴിയുന്നത്.

ഡാമുകൾ തുറന്നതും പുറംചാലുകൾ നിറഞ്ഞുനിൽക്കാൻ കാരണമായി. വൈദ്യുതി മുടക്കവും കർഷകരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഉയർന്ന പ്രദേശത്തുനിന്നുള്ള വെള്ളവും കോൾപ്പാടത്തേക്ക് ഒഴുകിയെത്തുന്നുണ്ട്.

നിലമൊരുക്കലും കുമ്മായപ്രയോഗവും വിതയുമടക്കം പ്രാരംഭഘട്ടം പൂർത്തീകരിച്ച കർഷകർക്ക് കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇരുപ്പൂകൃഷി മുന്നിൽക്കണ്ടാണ്‌ ഇത്തവണ നേരത്തേ കൃഷി ആരംഭിച്ചത്‌.

തോളൂരിൽ മുങ്ങിയത് 420 ഹെക്ടർ

പേരാമംഗലം : തോളൂർ കൃഷിഭവന് കീഴിൽ മുങ്ങിയത് 420 ഹെക്ടർ നെൽകൃഷി. 25 ദിവസം വരെയുള്ള വിതയും ഞാറ്റടികളുമാണ് കനത്ത മഴയിൽ മുങ്ങിയത്.

കെ.എൽ.ഡി.സി. കനാലിൽ കഴ തള്ളി, പെട്ടി-പറ-മോട്ടോർഷെഡ് ഉൾപ്പെടെ തകർന്ന പോന്നോർത്താഴം പടവിൽ 200 ഏക്കർ വിതയും ഞാറ്റടിയും വെള്ളത്തിലായി.

കഴ താത്‌കാലികമായി കെട്ടുന്നതിനുള്ള കഠിനശ്രമത്തിലാണ് പടവ് ഭാരവാഹികൾ. തോരാമഴയും സാധനസാമഗ്രികൾ എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടും തടസ്സമാകുന്നുണ്ട്.

കേച്ചേരിപ്പുഴ കവിഞ്ഞൊഴുകി എടക്കളത്തൂർ പടിഞ്ഞാറേ പാടം, വളകുളം, മേഞ്ചിറ, ചെല്ലിപ്പാടം, കൂട്ണി - പള്ള്യാടം, ചാലയ്ക്കൽ, സംഘം കോൾ നോർത്ത് എന്നീ പടവുകളിലെ നെൽകൃഷിയും വെള്ളത്തിനടിയിലാണ്. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലീലാ രാമകൃഷ്ണൻ, ടി.ഡി. വിൽസൻ, സി.എ. സന്തോഷ് എന്നിവരും കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സന്ധ്യ, പുഴയ്ക്കൽ കൃഷി അസി. ഡയറക്ടർ ഉണ്ണിരാജൻ, കൃഷി ഓഫീസർ വിനേഷ് കുമാർ, കൃഷി അസി. ലുധീഷ് എന്നിവർ ഈ പടവുകൾ സന്ദർശിച്ചു.

തോളൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ കെ.ജി. പോൾസന്റെ നേതൃത്വത്തിൽ ഗ്രാമപ്പഞ്ചായത്ത് അധികാരികളും പടവുകൾ സന്ദർശിച്ച്‌ സ്ഥിതി വിലയിരുത്തി.

ഈ പടവുകളിൽ വെള്ളം ഒഴിയുന്ന മുറയ്ക്ക് വീണ്ടും കൃഷിയിറക്കുന്നതിന് സൗജന്യ വിത്ത് അടക്കമുള്ള സഹായങ്ങൾ കർഷകർക്ക് ലഭ്യമാക്കുമെന്ന് കൃഷിവകുപ്പ് അധികൃതർ അറിയിച്ചു.

കുറുങ്ങേരി പടവിൽ 90 ഏക്കർ

കുറ്റൂർ : രണ്ടുദിവസമായി പെയ്ത മഴയിൽ കുറുങ്ങേരി പടവിൽ നടീലിന് പാകമായ ഞാറ്‌ വെള്ളം കയറി നശിച്ചു.

90 ഏക്കർ പടവിൽ അടാട്ട്‌ ബാങ്കിന്റെ സംരക്ഷണത്തിലാണ് കൃഷി. വീണ്ടും കൃഷിയിറക്കുന്നതിന് ആവശ്യമായ വിത്ത് ലഭിക്കുന്നതിന് കോലഴി കൃഷിഭവനിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.