തൃശ്ശൂർ : റോഡിൽനിന്ന് കളഞ്ഞുകിട്ടിയ 27,000 രൂപയടങ്ങുന്ന കവർ പോലീസിലേൽപ്പിച്ച് യുവതി. ഒക്ടോബർ ഏഴിന് വൈകീട്ട് കണിമംഗലം സ്വദേശി ബിന്ദു നഴ്സറിയിലെ കൂലിപ്പണി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് വലിയാലുക്കൽ മെയിൻ റോഡിൽനിന്ന് പണമടങ്ങിയ കവർ ലഭിച്ചത്. നോട്ടുകൾ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു. പണമടങ്ങിയ കവറാണെന്ന് മനസ്സിലാക്കിയ ബിന്ദു നേരേ നെടുപുഴ പോലീസ് സ്റ്റേഷനിലെത്തി.

പണത്തിന്റെ ഉടമസ്ഥനെ വൈകാതെ പോലീസ് കണ്ടെത്തി. കണിമംഗലം കരിപ്പോട്ടിൽ ബാബുരാജിന്റെതായിരുന്നു പണം. തൃശ്ശൂർ അസിസ്റ്റൻറ് പോലീസ് കമ്മിഷണർ വി.കെ. രാജുവിന്റെ സാന്നിധ്യത്തിൽ പണം ബാബുരാജിനെ ബിന്ദു ഏൽപ്പിച്ചു.

എ.സി.പി. ബിന്ദുവിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ഇൻസ്പെക്ടർ ടി.ജി. ദിലീപ്, സബ് ഇൻസ്പെക്ടർമാരായ ബൈജു, അനിൽ തുടങ്ങിയവരും പങ്കെടുത്തു.