വടക്കാഞ്ചേരി : ചൊവ്വാഴ്ച ഷട്ടറുകൾ അഞ്ച് ഇഞ്ച് ഉയർത്തി വെള്ളം തുറന്നുവിട്ട വാഴാനിയിൽ ജലവിതാനം 61.65 മീറ്ററായി കുറഞ്ഞു. 62.23 മീറ്ററിലെത്തിയപ്പോൾ ഷട്ടറുകൾ കൂടുതൽ ഉയർത്തുകയായിരുന്നു. തുടർന്ന് വടക്കാഞ്ചേരിപ്പുഴ പലയിടത്തും കരകവിഞ്ഞൊഴുകി. വടക്കാഞ്ചേരി നഗരമുൾപ്പെടെ പുഴ കടന്നുപോകുന്ന പ്രദേശങ്ങളിൽ ഇത് ഭീതിയുളവാക്കി. മഴയുടെ ശക്തി രാത്രി കുറഞ്ഞതോടെയാണ് ആശങ്ക വിട്ടുമാറിയത്. വാഴാനിയിലെ ജലനിരപ്പ് കുറഞ്ഞതോടെ നാലു ഷട്ടറുകളും അഞ്ച് ഇഞ്ചിൽനിന്ന് അഞ്ച് സെന്റിമീറ്ററായി കുറച്ചാണ് നിലവിൽ വെള്ളം വിടുന്നത്. വടക്കാഞ്ചേരിപ്പുഴ ബുധനാഴ്ചയും നിറഞ്ഞൊഴുകുകയാണ്. വാഴാനി വെളളത്തിനു പുറമെ പേരേപ്പാറ, ചാത്തൻചിറ തുടങ്ങി വിവിധ കൈത്തോടുകളിൽ നിന്നുള്ള വെള്ളവും പുഴയിലേയ്ക്കാണ് ചേരുന്നത്. കുമരനെല്ലൂരിലെ ചാത്തൻചിറയുടെ വാൽവിലൂടെ ഏറെ പ്രയാസപ്പെട്ട് വെള്ളം പുറത്തേയ്ക്ക് വിട്ടിട്ടും ബുധനാഴ്ചയും ചിറ കവിഞ്ഞൊഴുകുന്നു.