തൃശ്ശൂർ : മുത്തുസ്വാമി ദീക്ഷിതർ അമൃതവർഷിണി രാഗം പാടി മഴ പെയ്യിച്ച കഥ ജയദേവൻ പറഞ്ഞുതരും. ചിത്രാംബരി രാഗത്തിന്റെ ജന്യമായ അമൃതവർഷിണിയുടെ ആരോഹണ അവരോഹണക്രമവും വിവരിക്കും. ഇതേ ജയദേവൻ ക്രിക്കറ്റ് കളിക്കിടെ മഴപെയ്താലുള്ള പരിഹാരവും പറഞ്ഞുതരും. അത് ജയദേവന്റെ മഴനിയമം എന്ന പേരിൽ ലോകപ്രശസ്തവുമാണ്.

ക്രിക്കറ്റിലെ കണക്കുകളെ റൺസിന്റെയും ഓവറുകളുടെയും അടിസ്ഥാനത്തിൽ വിശകലനം ചെയ്ത് ലോകശ്രദ്ധ പിടിച്ചുപറ്റിയ ഈ തൃശ്ശൂർക്കാരൻ എൻജിനീയർ, അതേ സൂക്ഷ്മതയാണ് സപ്തസ്വര വിശകലനത്തിലും കാണിക്കുന്നത്.

തൃശ്ശൂരിലെ ഗീതം സംഗീതം എന്ന സംഗീത കൂട്ടായ്മയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ‘ഗാനം രാഗലയം’ എന്ന പേരിൽ അദ്ദേഹം അവതരിപ്പിക്കുന്ന വീഡിയോകൾ 14 എണ്ണം പിന്നിട്ടു. രാഗങ്ങളെ പരിചയപ്പെടുത്തുകയും അതിലെ കീർത്തനങ്ങളും, ആ രാഗങ്ങൾ ഉപയോഗിച്ചിട്ടുള്ള സിനിമാ ഗാനങ്ങളും പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്.

എഴുത്തുകാരനായ പ്രൊഫ.എസ്.കെ. വസന്തന്റെ മൂത്തമകനാണ് ജയദേവൻ. തൃശ്ശൂർക്കാരനായ പി.കെ. കേശവൻ നമ്പൂതിരിയാണ് സംഗീതത്തിലെ ആദ്യ ഗുരു. കച്ചേരികളിൽ പാടുക എന്നതിനപ്പുറം സംഗീതശാസ്ത്രത്തിലായിരുന്നു ജയദേവന്റെ ശ്രദ്ധയത്രയും. ചെന്നൈ ഐ.ഐ.ടി.യിൽ പി.ജി.ക്ക് ചേർന്നപ്പോൾ അഡയാറിൽ ഡി. പശുപതി എന്ന സംഗീതജ്ഞന്റെ അടുത്തായി പഠനം.

ന്യൂഡൽഹിയിൽ ടെറി എന്ന കമ്പനിയിൽ ജോലിക്ക് ചേർന്നപ്പോഴും ക്രിക്കറ്റിനൊപ്പം സംഗീതവും മനസ്സിൽ ശക്തമായി. സ്വരലയയുടെ സജീവ പ്രവർത്തകനായി അദ്ദേഹം മാറി.

പിന്നീട് പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയറായി ജോലിയിൽ പ്രവേശിച്ചു. സംഗീതലോകത്തെ ഇടപെടൽ അല്പമൊന്നു കുറഞ്ഞു. ഇക്കാലയളവിലാണ് ക്രിക്കറ്റിലെ മഴനിയമം മനസ്സിൽ മേഘരൂപമെടുത്തത്.

2013-ൽ സ്വയം വിരമിച്ച ജയദേവൻ, തലക്കോട്ടുകര വിദ്യ എൻജിനീയറിങ് കോളേജിലെ അധ്യാപകനായി. കഴിഞ്ഞവർഷം അവിടെനിന്നും വിരമിച്ചു. കുരിയച്ചിറ നെഹ്രുനഗറിൽ ഭാര്യ ശോഭ, മക്കളായ ആർക്കിടെക്ട് ചിത്ര, എട്ടാം ക്ലാസ് വിദ്യാർഥിനി ചിന്മയി എന്നിവർക്കൊപ്പമാണ് താമസം.