അതിരപ്പിള്ളി : രൗദ്രഭാവത്തിൽ നിറഞ്ഞൊഴുകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനോടുചേർന്ന് ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന രീതിയിൽ തലയുയർത്തിനിൽക്കുന്ന കുഞ്ഞൻ ഷെഡ്ഡ്. ഇവനാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ താരം. ശക്തമായ ഒഴുക്ക് വലിയ മരത്തടികളെവരെ ഒഴുക്കിക്കൊണ്ടു പോകുമ്പോൾ ഈറ്റയോല മേഞ്ഞ ഈ കുഞ്ഞന് ഒരു കുലുക്കവുമില്ല.

എല്ലാ മഴക്കാലത്തും ട്രോളന്മാരുടെ ഇഷ്ടതാരമാണ് അതിരപ്പിള്ളിയിലെ ഷെഡ്ഡ്. വൻമരങ്ങളെപ്പോലും കടപുഴക്കുന്ന പ്രളയജലത്തെ കൂസാതെനിൽക്കുന്ന ഈ ഷെഡ്ഡിന്റെ രഹസ്യമറിയാൻ നിരവധിപേർ വിളിക്കുന്നുണ്ടെന്ന് അതിരപ്പിള്ളിയിലെ വനപാലകരും വനസംരക്ഷണസമിതി പ്രവർത്തകരും പറയുന്നു.

വിനോദസഞ്ചാരികളുടെ എണ്ണം വളരെ കൂടിയതോടെ സഞ്ചാരികൾ പുഴയിലേക്കിറങ്ങി അപകടങ്ങൾ ഉണ്ടാകുന്നതു തടയാൻ വനസംരക്ഷണ സമിതി അംഗങ്ങളെ നിയോഗിച്ചിരുന്നു. ഇവർക്ക് വെയിലും മഴയും ഏൽക്കാതെ ഇരുന്ന് വിശ്രമിക്കാനാണ് അൽപ്പം ഉയർന്ന പാറപ്പുറത്ത് വർഷങ്ങൾക്കുമുൻപ് ഈ ഷെഡ്ഡ് നിർമിച്ചത്. രണ്ടരയടിയോളം പാറയിടുക്കിലേക്ക് മരത്തിന്റെ തൂണുകൾ ഇറക്കിയാണ് ഷെഡ്ഡ് നിർമിച്ചിരിക്കുന്നതെന്ന് വനസംരക്ഷണസമിതി പ്രവർത്തകർ പറയുന്നു. പത്ത് തൂണുകളാണ് ഷെഡ്ഡിനുള്ളത്. ഇതിൽ മൂന്നെണ്ണമാണ് പാറകളുടെ ഇടയിലേക്ക് ഇറക്കിവച്ചിരിക്കുന്നത്.

2018-ലെ പ്രളയത്തിൽ ഈ ഷെഡ്ഡ് പൂർണമായും മുങ്ങിയിരുന്നു. വലിയ മരങ്ങൾ വന്നിടിച്ചെങ്കിലും ഷെഡ്ഡിന് കാര്യമായി തകരാറുകൾ പറ്റിയിരുന്നില്ല. പ്രളയശേഷം മേൽക്കൂര അറ്റകുറ്റപ്പണികൾ നടത്തി. കാലുകളിൽ ചിലത് കോൺക്രീറ്റ് ഇട്ട് ഉറപ്പിച്ചു. വനസംരക്ഷണസമിതി പ്രസിഡന്റ് പി.കെ. സഹജൻ, ടി.പി. ഷാജു, കെ.എം. സുരേന്ദ്രൻ, സി.വി. രാജൻ, എം.പി. ശിവനുണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ ഷെഡ്ഡ് നിർമിച്ചത്.