മാള : കാർ ഇടിച്ച് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. ആലത്തൂർ-ചള്ളിപ്പടി റോഡിൽ ഞായറാഴ്ച വൈകീട്ട് നാലോടെയായിരുന്നു അപകടം. കാറിന്റെ മുൻഭാഗത്തിന് സാരമായ കേടുപറ്റി. ശബ്ദം കേട്ട് സമീപവാസികളെത്തിയപ്പോഴേക്കും കാർ സ്ഥലംവിട്ടിരുന്നു.

 അപകടസ്ഥലത്ത് നമ്പർ പ്ലേറ്റ് ഉൾപ്പെടെ കാറിന്റെ മുൻഭാഗത്തെ ബമ്പർ വീണുകിടന്നിരുന്നു. ഇതുപ്രകാരം കാർ ഏതാണെന്ന് ഏകദേശം മനസ്സിലായിട്ടുണ്ട്.  ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് രണ്ടായി മുറിഞ്ഞു. വൈദ്യുതിവിതരണം നിലച്ചതിനാൽ പോസ്റ്റ് മാറ്റിസ്ഥാപിച്ചശേഷമാണ് ബന്ധം പുനഃസ്ഥാപിച്ചത്. അപകടക്കാര്യം പോലീസ് സ്റ്റേഷനിൽ അറിയിച്ചതായി അന്നമനട വൈദ്യുതി ഓഫീസ് എ.ഇ. ലില്ലി പറഞ്ഞു.

വൈദ്യുതിക്കാൽ മാറ്റിസ്ഥാപിക്കുന്നതിനാവശ്യമായ ചെലവ് വഹിക്കാമെന്ന്‌ ബന്ധപ്പെട്ടവർ അറിയിച്ചതായും ഇവർ പറഞ്ഞു. പരാതി ലഭിക്കാത്തതിനാൽ സംഭവത്തിൽ കേസെടുത്തിട്ടില്ലെന്ന് സ്റ്റേഷൻ ഇൻസ്പെക്ടർ ഷോജോ വർഗീസ് പറഞ്ഞു.