എം.ബി. ബാബു തൃശ്ശൂർ
: അടച്ചുറപ്പില്ലാത്ത വീടിന്റെ മുൻവാതിൽ തുറന്നിറങ്ങുന്നത് വാഹനങ്ങൾ ചീറിപ്പായുന്ന സംസ്ഥാനപാതയിലേക്ക്. പിൻഭാഗത്ത് തൊട്ടുതൊട്ടില്ലെന്ന മട്ടിൽ തീവണ്ടിയും കൂകിപ്പായുന്നു. റോഡിനും റെയിൽപ്പാളത്തിനും ഇടയിലുള്ള പുറമ്പോക്കിലെ ഇത്തിരിയിടത്താണ് അമ്മണത്ത് ആയിഷയുടെ താമസം. വടക്കാഞ്ചേരിക്കടുത്ത് പാർളിക്കാട്ടിലെ കൂരയിൽ ആയിഷയും മകൻ അനസും 21 വർഷമായി കഴിയുന്നു. വടക്കാഞ്ചേരിയിൽ ലൈഫ് ഭവനസമുച്ചയത്തിലേക്ക് നഗരസഭ ശുപാർശ ചെയ്തവരിൽ ആയിഷയുമുണ്ട്. തീപ്പെട്ടിക്കമ്പനിയിലെ ജോലികൊണ്ട് മകനെ എൻജിനിയറിങ് പഠിപ്പിച്ചു. പഠനം പൂർത്തിയാക്കിയെങ്കിലും അനസിന് ജോലിയൊന്നുമായില്ല.
സ്വന്തമായൊരു വീടെന്ന സ്വപ്നം ലൈഫ് പദ്ധതിയിലൂടെ യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ് ആയിഷ. പ്രതീക്ഷ ഇനിയും കൈവിട്ടിട്ടില്ല. പല കാരണങ്ങൾകൊണ്ട് പദ്ധതി വൈകുന്നുവെന്നതിൽ വിഷമമുണ്ട്. ഈ ജോലികൊണ്ട് തട്ടിമുട്ടി കുടുംബം പുലർത്താമെന്നല്ലാതെ സ്വന്തമായി വീടെന്ന സ്വപ്നം നടക്കില്ല. അതിന് ലൈഫ് തന്നെ കനിയണം.
കൂലിപ്പണിക്കാരായ പദ്മിനിയും ഭർത്താവ് നാരായണനും 13 വർഷമായി പാർളിക്കാട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ്. വടക്കാഞ്ചരിയിലെ ലൈഫ് പാർപ്പിടസമുച്ചയത്തിലേക്ക് 26-ാം വാർഡിൽനിന്ന് നഗരസഭ ശുപാർശ ചെയ്തവരിൽ ഇവരുണ്ട്. പദ്മിനിക്ക് ശ്വാസംമുട്ടൽ കൂടിയതിനാൽ പണിക്ക് പോകാനാകുന്നില്ല. ഫ്ളാറ്റ് പൂർത്തിയായാൽ അവിടേക്ക് മാറാമെന്നും ഇപ്പോൾ നൽകുന്ന 3000 രൂപ വാടക മിച്ചംപിടിക്കാമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു ഇവർ. ഫ്ളാറ്റ് നിർമാണം കേസിൽപ്പെട്ടതോടെ വീണ്ടും കൂലിപ്പണിയിലേക്ക് ഇറങ്ങേണ്ട സ്ഥിതിയിലാണ് പദ്മിനി. പ്രായം 60. ഭർത്താവിന് 65-ഉം. മകളെ വിവാഹം കഴിച്ചയച്ചു. മകനെപ്പറ്റി പത്തുവർഷമായി വിവരമൊന്നുമില്ല. പദ്മിനി പ്രതീക്ഷ കൈവിടുന്നില്ല -മകൻ തിരിച്ചെത്തുമെന്നതിലും ലൈഫ് പദ്ധതിയിൽ സ്വന്തം വീടാകുമെന്നതിലും.
അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിയുന്നവരുടെയും വീടില്ലാത്തവരുടെയും പ്രതീക്ഷയാണ് ലൈഫ് ഭവനപദ്ധതി. വിവാദങ്ങളിൽപ്പെട്ട് പദ്ധതി ഇല്ലാതാവുമോ എന്ന ആശങ്കയിലാണ് അവരിപ്പോൾ. അത്തരക്കാരുടെ പ്രതിനിധികളായി രണ്ടുപേർ, അവരുടെ സങ്കടങ്ങളിലൂടെ...