തൃശ്ശൂർ : സംസ്ഥാനത്തെ ശ്രവണ-സംസാര വൈകല്യമുള്ള വിദ്യാർഥികൾക്ക് ആശ്വാസമായി സ്പെഷ്യൽ സ്‌കൂളുകളോടു ചേർന്ന ഹോസ്റ്റലുകൾ തുറന്നു. സാധാരണ സ്‌കൂളുകളിലെ 10, 12 ക്ലാസുകളിലെ കുട്ടികൾ സംശയനിവാരണത്തിന് സ്‌കൂളിലെത്തിത്തുടങ്ങിയപ്പോൾ ഇതേ സിലബസ് പഠിക്കുന്ന സ്പെഷ്യൽ സ്‌കൂളിലെ വിദ്യാർഥികൾ പ്രതിസന്ധിയിലായിരുന്നു. ഹോസ്റ്റൽ തുറക്കാതെ ഈ കുട്ടികൾക്ക് അധ്യയനം സാധ്യമായിരുന്നില്ല.
ഈ വിഷയം മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു. ഓൾ കേരള പേരന്റ്‌സ് ഓഫ് ഹിയറിങ് ഇംപയേർഡിന്റെ സംസ്ഥാന കമ്മിറ്റി ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് സംസ്ഥാന കോവിഡ് മാനേജ്‌മെന്റ് കമ്മിറ്റി, ഹോസ്റ്റലുകൾ തുറക്കാൻ ഉത്തരവിട്ടത്. വ്യാഴാഴ്‌ച ഹോസ്റ്റലുകളിൽ കുട്ടികൾ എത്തിത്തുടങ്ങി. സംസ്ഥാനത്ത് 33 സ്പെഷ്യൽ സ്‌കൂളുകളാണുള്ളത്. ഇതിൽ രണ്ടെണ്ണം ഒഴിച്ച് 10, 12 ക്ലാസുകൾ ഉള്ളവയാണ്.
അധ്യാപകരും വ്യാഴാഴ്‌ചയോടെ സ്‌കൂളുകളിലെത്തി. ഓൺലൈൻ ക്ലാസുകളിലൂടെ സാധാരണ കുട്ടികൾ നേടിയതിനേക്കാൾ കുറവ് ക്ലാസുകളാണ് സ്പെഷ്യൽ സ്‌കൂളുകളിലെ കുട്ടികൾക്ക് കിട്ടിയിരുന്നത്. ഹോസ്റ്റലുകൾ തുറന്ന പശ്ചാത്തലത്തിൽ ഇനി ഊർജിതമായി ക്ലാസുകൾ നടക്കും. മാർച്ചിൽ പൊതുപരീക്ഷകൾക്കുമുമ്പ് പാഠഭാഗങ്ങൾ തീർക്കുകയാണ് ലക്ഷ്യം.