ബലപ്പെടുത്തുന്നത് കാറളം, പടിയൂർ പഞ്ചായത്തുകളിൽപ്പെടുന്ന അഞ്ച് കിലോമീറ്റർ ദൂരം
കാട്ടൂർ : മുൻ വർഷങ്ങളിൽ പ്രളയത്തിൽ തകർന്ന കെ.എൽ.ഡി.സി. ഹരിപുരം ബണ്ട് ശക്തിപ്പെടുത്തുന്ന പ്രവൃത്തികൾ തുടങ്ങി. അഞ്ചുകിലോമീറ്റർ ദൂരത്തിൽ കാറളം, പടിയൂർ പഞ്ചായത്തുകളിൽ ഉൾപ്പെട്ട ബണ്ടുകൾ ബലപ്പെടുത്താനാണ് തുക വകയിരുത്തിയിരിക്കുന്നത്.
തൃശ്ശൂർ -പൊന്നാനി കോൾ വികസനപദ്ധതിയുടെ മൂന്നാം ഘട്ടമായി നബാർഡിൽ നിന്നുള്ള അഞ്ച് കോടിയോളം രൂപ ചെലവഴിച്ച് പ്രളയത്തിൽ കെ.എൽ.ഡി.സി. കനാലിൽ അടിഞ്ഞ് കൂടിയ മണ്ണ് നീക്കം ചെയ്യാനും ബണ്ടുകൾ ബലപ്പെടുത്താനുമുള്ള പ്രവൃത്തികളാണ് ആരംഭിച്ചിരിക്കുന്നത്. പുല്ലത്തറ മുതൽ താണിശ്ശേരി പാലം വരെയുള്ള ഭാഗം 2.6 കോടി രൂപ ചെലവഴിച്ചും താണിശ്ശേരി പാലം മുതൽ എടതിരിഞ്ഞി പാലം വരെയുള്ള ഭാഗം 2.88 കോടി രൂപ ചെലവഴിച്ച് ആഴം ശക്തിപ്പെടുത്താനും മണ്ണ് നീക്കം ചെയ്ത് കനാലിന്റെ ആഴം കൂട്ടാനുമാണ് പദ്ധതി.
ഇതിന്റെ ഭാഗമായി പ്രളയത്തിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തികൾ തുടങ്ങി. ഹിറ്റാച്ചി മെഷീനുകൾ ഉപയോഗിച്ചാണ് മണ്ണ് നീക്കുന്നത്. ഈ മണ്ണുപയോഗിച്ച് ബണ്ടുകളുടെ ഉയരം വർധിപ്പിക്കും. പിന്നീട് അതിന് മുകളിൽ 35 സെന്റീമീറ്റർ ഉയരത്തിൽ നല്ല മണ്ണിട്ട് ബണ്ടുകൾ ബലപ്പെടുത്തുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.
കെ.എൽ.ഡി.സി. കനാലിന്റെ ബണ്ട് താഴ്‌ന്ന് ഹരിപുരം ഭാഗത്ത് 2018 പ്രളയത്തിൽ കെ.എൽ.ഡി.സി. കനാൽ നിറഞ്ഞ് വെള്ളം കവിഞ്ഞൊഴുകി കാറളം, കാട്ടൂർ, പടിയൂർ, പൂമംഗലം, ഇരിങ്ങാലക്കുട പ്രദേശങ്ങളിൽ ഒട്ടേറെ കുടുംബങ്ങളെ ദുരിതത്തിലാഴ്ത്തിയിരുന്നു.
കനാലിന്റെ തെക്കുഭാഗത്ത് ഏകദേശം നൂറുമീറ്റർ താഴ്ത്തി ഇട്ടിരിക്കുന്ന വിടവിലൂടെയായിരുന്നു പ്രളയകാലത്ത് വെള്ളം തള്ളിയത്. തെക്കോട്ട് ഒഴുകിയ വെള്ളം ചേലൂർ പൂച്ചക്കുളം മുതൽ കാക്കത്തുരുത്തി പാലം വരെയുള്ള പടിയൂർ പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളും വിഴുങ്ങി. 2019-ലെ പ്രളയത്തിലും ഇത് ആവർത്തിച്ചതോടെ ഹരിപുരം കെ.എൽ.ഡി.സി. ബണ്ട് സമര സമിതി രൂപവത്‌കരിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മന്ത്രിമാരും കേന്ദ്ര സംഘമടക്കമുള്ളവരും സ്ഥലം സന്ദർശിച്ചിരുന്നു. മന്ത്രിതല മീറ്റിങ്ങുകളും കളക്ടറേറ്റിൽ ചേർന്നിരുന്നു. തുടർന്ന് തൃശ്ശൂർ പൊന്നാനി കോൾ വികസന പദ്ധതിയിൽ നിന്നുള്ള തുക ഉപയോഗിച്ച് ഇരുകരകളിലുമായി 750 മീറ്ററോളം മണ്ണിട്ട് ഉയർത്തിയിരുന്നു.
ബണ്ട് സംരക്ഷണ പ്രവൃത്തികൾക്കായി 2018-ൽ കെ.എൽ.ഡി.സി. സമർപ്പിച്ചിരുന്ന 2.49 കോടി രൂപയുടേയും 1.73 കോടിയുടേയും പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചെങ്കിലും മണ്ണിന്റെ നിരക്ക് കുറവായതിനാൽ ആരും ടെൻഡർ ഏറ്റെടുത്തിരുന്നില്ല. പിന്നീടാണ് നബാർഡിന്റെ മൂന്നാംഘട്ട പ്രവൃത്തികളിൽ ഉൾപ്പെടുത്തി തുക അനുവദിച്ച് പ്രവൃത്തികൾ ആരംഭിച്ചിരിക്കുന്നത്.