ഇന്ന് വൈകീട്ട് 3.30-ന് ഒരാനയുടെ അകമ്പടിയോടെ പകൽ എഴുന്നള്ളിപ്പ് ആരംഭിക്കും
കൊടുങ്ങല്ലൂർ : ശ്രീകുരുംബക്കാവിൽ 1001 ആചാരക്കതിനകൾ മുഴങ്ങിയതോടെ നാലുനാൾ നീളുന്ന താലപ്പൊലി ഉത്സവത്തിന്റെ ആചാരാനുഷ്ഠാനങ്ങൾക്ക് തുടക്കമായി.
താലപ്പൊലിക്ക് തുടക്കംകുറിക്കുന്ന മകരസംക്രമദിനത്തിൽ ആയിരങ്ങൾ തിങ്ങിനിറഞ്ഞിരുന്ന ശ്രീകുരുംബക്കാവിൽ ഇത്തവണ ഇരുനൂറിൽ താഴെ പേരാണ് ചടങ്ങുകൾക്കായി എത്തിയത്.
ഒന്നാം താലപ്പൊലി ദിവസമായ വ്യാഴാഴ്‌ച സൂര്യോദയത്തിനുമുമ്പേ വിവിധ സമുദായക്കാരുടെയും പരമ്പരാഗത അവകാശികളുടെയും ചടങ്ങുകൾ ക്ഷേത്രാങ്കണത്തിൽ നടക്കും.
സവാസിനിപൂജയ്ക്കും ആടിനെ നടതള്ളലിനും മലയരയന്മാരുടെ പ്രത്യേക പൂജകൾക്കും കോവിഡിന്റെ പശ്ചാത്തലത്തിൽ കർശനനിയന്ത്രണമാണ് ദേവസ്വം അധികൃതർ ഏർപ്പെടുത്തിയിട്ടുള്ളത്. പത്ത് അംഗങ്ങളുള്ള ചെറുസംഘങ്ങളായി പൂജകൾ നടത്താനാണ് അനുവാദമുള്ളത്.
ആടിനെ നടതള്ളൽ ചടങ്ങിനും മലയരയന്മാരുടെ പ്രത്യേകപൂജകൾക്കും ഇത്തവണ ആൾക്കൂട്ടം അനുവദിക്കില്ല. വൈകീട്ട് 3.30-ന് ശ്രീകുരുംബമ്മയുടെ നടയിൽനിന്ന് ഒരാനയുടെ അകമ്പടിയോടെ പകൽ എഴുന്നള്ളിപ്പ് ആരംഭിക്കും.
എഴുന്നള്ളിപ്പ് ശ്രീകുരുംബക്കാവിലേക്ക് പ്രവേശിക്കുമ്പോൾ മറ്റു രണ്ടാനകൾകൂടി അകമ്പടി സേവിക്കും. പുലർച്ചെ രണ്ടിന് രാത്രി എഴുന്നള്ളിപ്പും നടക്കും.