തൃപ്രയാര്‍: പുഴയോരത്ത് ചൂണ്ടയിട്ടിരുന്ന കൂട്ടുകാരെല്ലാം പോയിട്ടും നിവേദ് കാത്തിരുന്നത് ഒരു മീന്‍ കിട്ടിയിട്ടേ പോകൂവെന്ന വാശിയിലാണ്. പക്ഷേ, മീന്‍ കിട്ടിയില്ലെങ്കിലും പുഴയില്‍ നിന്ന് ഈ ഏഴാം ക്ലാസുകാരന്‍ വീണ്ടെടുത്തത് സമീപവാസികൂടിയായ രണ്ടുവയസ്സുകാരന്റെ ജീവനാണ്.
മുറ്റിച്ചൂര്‍ പാലത്തിന് തെക്ക് കിഴക്കിനിയത്ത് ധലീഷിന്റെയും നിമിയുടെയും മകനായ നിവേദ് (12), തൂമാട്ട് ഡിബിന്റെയും സന്ധ്യയുടെയും മകനായ ധ്യാന്‍ദര്‍ശി (2)ന്റെ ജീവനാണ് രക്ഷിച്ചത്.
ഒരാഴ്ചമുമ്പാണ് സംഭവം. തനിച്ച് മീന്‍പിടിക്കാനിരിക്കുമ്പോഴാണ് പെട്ടെന്ന് ഒരു ശബ്ദം കേട്ടത്. പുഴയിലേക്ക് നോക്കിയപ്പോള്‍ വഞ്ചിക്കിടയിലൂടെ ഒരു കൈ മുകളിലേക്ക് കണ്ടു. ഉടനെ പുഴയിലേക്ക് എടുത്തുചാടി. വേലിയേറ്റസമയമായതിനാല്‍ കരയോടു ചേര്‍ന്നും പുഴയില്‍ നെഞ്ചോളം വെള്ളമുണ്ടായിരുന്നു.
പുഴയോരത്തിരുന്ന് കളിക്കുന്നതിനിടെ വെള്ളത്തില്‍ വീണ ധ്യാനിനെ രക്ഷിച്ച് വീട്ടിലെത്തിച്ചെങ്കിലും നിവേദ് ഇക്കാര്യം വീട്ടുകാരോട് മാത്രമേ പറഞ്ഞിരുന്നുള്ളൂ.
കഴിഞ്ഞ ദിവസമാണ് നിവേദിന്റെ നന്മ പുറത്തറിയുന്നത്. ഇതോടെ അഭിനന്ദനപ്രവാഹമായി. ധ്യാനിന്റെ അമ്മയും മറ്റും കേക്കുമായെത്തി നിവേദിന് നന്ദി പറഞ്ഞു. നാട്ടിക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. ദിനേശനും വൈസ് പ്രസിഡന്റ് രജനി ബാബുവും വീട്ടിലെത്തി അനുമോദിച്ചു.
നാട്ടിക ഈസ്റ്റ് യു.പി. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് നിവേദ്. സ്‌കൂള്‍ പ്രധാനാധ്യാപിക പി.ആര്‍. സ്നേഹലത, പി.ടി.എ. പ്രസിഡന്റ് എം.എസ്. സജീഷ് എന്നിവരുടെ നേതൃത്വത്തില്‍ അധ്യാപകരും രക്ഷിതാക്കളും അനുമോദിച്ചു. നാട്ടുകാരും അനുമോദനവുമായെത്തി.