ഗുരുവായൂർ : ദേവസ്വം ആശുപത്രി ഇനി കോവിഡ് രോഗികൾക്കുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ് മെന്റ് സെന്ററാകും. ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം ആശുപത്രി ബുധനാഴ്ച ഏറ്റെടുത്തു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി ആശുപത്രിയിലെ സൗകര്യങ്ങൾ വിലയിരുത്തി. ആശുപത്രിയിലെ രണ്ടുനിലകളിലായി 50 കിടക്കകളുള്ള വാർഡുകളാണ് ഉപയോഗിക്കുക. ഇവിടത്തെ ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ജീവനക്കാർ, മരുന്ന് ലഭ്യത തുടങ്ങിയവ സംബന്ധിച്ച് ആരോഗ്യവകുപ്പ് കണക്കെടുത്തു. മറ്റ് സൗകര്യങ്ങൾ എന്തൊക്കെ വേണമെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ ചർച്ചചെയ്ത് ഡി.എം.ഒ.യ്ക്ക് റിപ്പോർട്ട് നൽകും.

ആശുപത്രിയിലേക്ക് കൂടുതൽ ജീവനക്കാരെ ആവശ്യമെങ്കിൽ അനുവദിക്കുമെന്ന് ഡി.എം.ഒ. അറിയിച്ചു. കടപ്പുറം, പൂക്കോട് പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ ഡോ. ശ്രീകല, ഡോ. റംസി എന്നിവരുടെ നേതൃത്വത്തിലുള്ള ആരോഗ്യപ്രവർത്തകരെയാണ് ആശുപത്രി സന്ദർശിക്കാൻ ഡി.എം.ഒ. നിയോഗിച്ചത്. റിപ്പോർട്ട് തയ്യാറാക്കിയതായി ഡോ. റംസി അറിയിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് സംഘം ആശുപത്രിയിലെ സൗകര്യങ്ങൾ വിലയിരുത്താനെത്തിയത്.

ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ടി. ബ്രീജാകുമാരി, ദേവസ്വം മെഡിക്കൽ സെന്റർ സൂപ്രണ്ട് ഡോ. എം.വി. മധു എന്നിവരും ഉണ്ടായി. ആശുപത്രി കോവിഡ് സെന്ററാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യസംഘം നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ്, ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് എന്നിവരുമായും ചർച്ചചെയ്തു. ആവശ്യമായ ചികിത്സാസൗകര്യങ്ങളില്ലാത്ത ദേവസ്വം മെഡിക്കൽ സെന്ററിന്റെ പരിതാപകരമായ അവസ്ഥയെപ്പറ്റി ‘മാതൃഭൂമി’ ചൊവ്വാഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

കോവിഡ് രോഗികളെ പാർപ്പിക്കാൻ ജില്ലാ ആരോഗ്യവിഭാഗം ആശുപത്രി ഏറ്റെടുത്തു

തത്‌കാലം ഒ.പി. ഉണ്ടാകില്ല

ദേവസ്വം ആശുപത്രി കോവിഡ് സെന്ററാകുന്നതോടെ ഇവിടെ ഒ.പി. രോഗികൾക്കുള്ള പരിശോധന ഉണ്ടാകില്ല. നഗരസഭയുടെ അർബൻ മെഡിക്കൽ സെന്ററിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും.