കുന്നംകുളം : തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണം കാര്യക്ഷമമാക്കുന്നു. കോവിഡിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ആർ.ആർ.ടി. അംഗങ്ങളുടെ സേവനവും പ്രയോജനപ്പെടുത്തുന്നുണ്ട്.

വാർഡുതല ശുചിത്വ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രധാന പ്രവർത്തനം. ഓരോ വാർഡിനും 25,000 രൂപ വീതം ശുചിത്വപ്രവർത്തനങ്ങൾക്ക് ചെലവഴിക്കാം. മഴക്കാല പകർച്ചവ്യാധികൾ തടയുന്നതിന്റെ ഭാഗമായി ബോധവത്കരണ പ്രവർത്തനങ്ങളും വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനുമാണ് തുക അനുവദിച്ചിട്ടുള്ളത്. ശുചീകരണം കൃത്യമായി നടത്തുന്നതിലൂടെ രോഗബാധിതരുടെ എണ്ണം നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് കുന്നംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ.വി. മണികണ്ഠൻ പറഞ്ഞു.

പ്രധാന പ്രവർത്തനങ്ങൾ

തോടുകൾ - അഴുക്കുചാലുകൾ എന്നിവയിലെ ഒഴുക്ക് സുഗമമാക്കൽ. പൊതുകിണറുകൾ - കുളങ്ങൾ എന്നിവ വൃത്തിയാക്കൽ, ക്ലോറിനേഷൻ, എലിപ്പനി പ്രതിരോധമരുന്ന് വിതരണം. മഴക്കാലരോഗ ബോധവത്കരണം. അപകടമുണ്ടാക്കാനിടയുള്ള മരങ്ങൾ മുറിച്ചുനീക്കൽ.

വീടുകളിൽ ചെയ്യേണ്ടവ

വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള ഇടങ്ങൾ വൃത്തിയാക്കുക. വീടിന്റെ പരിസരത്തെ ചിരട്ട, കുപ്പി, പാത്രങ്ങൾ, ടയറുകൾ, ഐസ്‌ക്രീം കപ്പ്, പ്ലാസ്റ്റിക് കവറുകൾ തുടങ്ങിയവ മാറ്റി മഴവെള്ളം കെട്ടിനിൽക്കാൻ ഇടയില്ലാത്തരീതിയിൽ സൂക്ഷിക്കുക. ടെറസിലോ സൺഷേഡിലോ ഉള്ള മാലിന്യം നീക്കുക. വെള്ളം സംഭരിക്കുന്ന ടാങ്കുകൾക്ക് കൊതുക് കടക്കാത്തവിധം അടപ്പുണ്ടെന്ന് ഉറപ്പാക്കുക. ഫ്രിഡ്ജിന്റെ പിന്നിലെ ട്രേ, അലങ്കാരച്ചെടികൾ വളർത്തുന്ന പാത്രങ്ങൾ, ചെടിച്ചട്ടിയുടെ അടിയിലെ പാത്രങ്ങൾ തുടങ്ങിയവയിലെ വെള്ളം ആഴ്ചയിലൊരിക്കൽ മാറ്റുക.