തൃശ്ശൂർ : പത്ത് ആനകളുണ്ടായിരുന്ന മനയിൽ ജനിച്ചുവീണ കുഞ്ഞുകുട്ടന് പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറം നേടാനായില്ലെന്നത് അതുമതി ഇൗ പ്രതിഭയ്ക്കെന്ന് കാലം തിരഞ്ഞെടുത്ത തീരുമാനം. പാരമ്പര്യമായി കിട്ടിയ സംസ്കൃതപഠനവും പ്രാഥമിക സ്കൂൾവിദ്യാഭ്യാസവും നേടിയ കുഞ്ഞിക്കുട്ടനെ പിന്നീട് വിവിധ തുറകളിൽ പ്രശസ്തനാക്കിയത് അനുഭവങ്ങളുടെ കരുത്ത്. 12-ാമത്തെ വയസ്സിൽ ശാന്തിക്കാരനായി ജീവിതം തുടങ്ങിയ മാടമ്പ് കേരള സാഹിത്യ അക്കാദമി പുരസ്കാരവും സിനിമാ പുരസ്കാരങ്ങളും വാങ്ങിക്കൂട്ടി.

കാലത്തെയും സാമ്പ്രദായിക വഴികളെയും ചോദ്യം ചെയ്തായിരുന്നു മുന്നേറ്റം. തെറ്റുകളെയും മാറ്റങ്ങളില്ലാത്ത കാലത്തെയും കണ്ട് അസ്വസ്ഥനായതിലൂടെയായിരുന്നു മാടമ്പിലെ എഴുത്തുകാരൻ പാകപ്പെട്ടത്.

മനുഷ്യന്റെ ജീവിതമുഹൂർത്തങ്ങളും പിരിമുറുക്കവുമെല്ലാം സ്വന്തം അനുഭവമാക്കിയായിരുന്നു മാടമ്പിന്റെ രചനകൾ. 'അശ്വത്ഥാമാവ്'. എന്ന ആദ്യകൃതിയിൽത്തന്നെ അത് വേണ്ടുവോളം പ്രതിഫലിച്ചു. അത് സമൂഹം അക്ഷരാർഥത്തിൽ സ്വീകരിച്ചു.

'ഭ്രഷ്ടി'ന്റെ പിറവിക്കിടയാക്കിയത്, കുറിയേടത്ത് താത്രിയുടെ സ്മാർത്തവിചാരമാണ്. നമ്പൂതിരി സമുദായത്തിൽ നിലവിലിരുന്ന ആചാരത്തിന്റെ ഭാഗമായ വിചാരണയും അനുബന്ധ സംഭവങ്ങളുമായിരുന്നു ഇതിവൃത്തം. ആ സംഭവം സ്ത്രീവിരുദ്ധമെന്ന് പറയാതെപറഞ്ഞ് വിയോജിപ്പിന്റെ ശബ്ദം അദ്ദേഹം വരികളിൽ വിളിച്ചോതി.

ശ്രീബുദ്ധനെ കേന്ദ്രീകരിച്ച് എഴുതിയ 'മഹാപ്രസ്ഥാനം' മാടമ്പിനെ സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹനാക്കി. മഹാത്മാഗാന്ധിയെയും ചെമ്പൈ വൈദ്യനാഥഭാഗവതരെയും വി.ടി. ഭട്ടതിരിപ്പാടിനെയുമെല്ലാം അദ്ദേഹം തന്റെ കൃതികളിൽ കൊണ്ടുവന്നു. ഭാര്യയുടെ വിയോഗദുഃഖത്താൽ എഴുതിയ 'സാവിത്രീ ദേ' ആദ്യത്തെ വിലാപനോവലായി.

സാരമേയം, ചക്കരക്കുട്ടിപ്പാറു, പോത്ത്, പുതിയ പഞ്ചതന്ത്രം, അഭിവാദയേ, ആനക്കഥകൾ, കോളനി, എന്റെ തോന്ന്യാസങ്ങൾ, ദേവഭൂമി തുടങ്ങി കുറേ കൃതികൾക്ക് വേണ്ടത്ര ശ്രദ്ധ കിട്ടിയില്ല.

ട്യൂട്ടോറിയൽ കോളജിൽ അധ്യാപകനായിരിക്കെ വിദ്യാർഥികൾക്കുവേണ്ടി നാടകങ്ങൾ എഴുതി തുടക്കമിട്ട സാഹിത്യജീവിതമാണ് സിനിമാ അവാർഡിലേക്കുമെത്തിച്ചത്. ജനപ്രീതിയും കലാമൂല്യവും ഒത്തുചേർന്ന 'ദേശാടന'ത്തിന്റെ തിരക്കഥ സിനിമയെ ഹിറ്റാക്കി. തിരക്കഥ എഴുതിയ പരിണാമം, ഗൗരീശങ്കരം, ശാന്തം എന്നീ സിനിമകൾക്ക് ദേശീയ, സംസ്ഥാന അംഗീകാരങ്ങൾ ലഭിച്ചു.

പരിണാമത്തിന്റെ തിരക്കഥയ്ക്ക് അഷ്ദാേദ അന്താരാഷ്ട്ര ഫിലിം അവാർഡും 'തോറ്റങ്ങൾ' ടെലിവിഷൻ സീരിയലിന് സംസ്ഥാനസർക്കാരിന്റെ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരവും ലഭിച്ചു.

മകൾക്ക്, സഫലം എന്നീ സിനിമകളുടെ തിരക്കഥയും സംഭാഷണവും നിർവഹിച്ചു.

ആദ്യ നോവൽ അശ്വത്ഥാമാവ് സിനിമയായപ്പോൾ തിരക്കഥയും നായക വേഷവും അദ്ദേഹംതന്നെ നിർവഹിച്ചു.

ആനച്ചന്തം, പോത്തൻവാവ, വടക്കുന്നാഥൻ, അഗ്നിനക്ഷത്രം, കാറ്റുവന്നു വിളിച്ചപ്പോൾ, കരുണം, അഗ്‌നിസാക്ഷി, ചിത്രശലഭം, ദേശാടനം, ആറാംതമ്പുരാൻ, പൈതൃകം, അശ്വത്ഥാമാവ് എന്നീ സിനിമകളിൽ അഭിനയിച്ചു.